< Back
Kerala
കുന്നംകുളം കസ്റ്റഡി മർദനം: കടുത്ത നടപടിയിലേക്ക് കടക്കാതെ പൊലീസ്
Kerala

കുന്നംകുളം കസ്റ്റഡി മർദനം: കടുത്ത നടപടിയിലേക്ക് കടക്കാതെ പൊലീസ്

Web Desk
|
6 Sept 2025 6:26 AM IST

നിയമോപദേശത്തിന് ശേഷം മതി ശിക്ഷാ നടപടിയെന്ന് വിലയിരുത്തൽ

തൃശൂർ: കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദ്ദിച്ച ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്നതിൽ നിയമോപദേശം കാത്ത് പൊലീസ്. കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നാണ് സംസ്ഥാന പൊലീസ് മേധാവി രവാഡാ ചന്ദ്രശേഖറിൻ്റെ നിലപാട്. എന്നാൽ നേരത്തെ അച്ചടക്ക നടപടി സ്വീകരിച്ച സാഹചര്യത്തിൽ വീണ്ടും നടപടി സ്വീകരിക്കാനാകുമോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുജിത്തിനെ മർദിച്ച സംഭവത്തിൽ പൊലീസുകാരുടെ ഇൻക്രിമെന്റ് തടഞ്ഞുകൊണ്ടുള്ള നടപടിയാണ് സ്വീകരിച്ചിരുന്നത്. ഇതോടൊപ്പം ആരോപണ വിധേയരെ കുന്നംകുളം സ്റ്റേഷനിൽ നിന്ന് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. പൊലീസുകാരുടെ ഭാഗത്ത് വീഴ്ച ഉണ്ടായെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി. സുജിത്തിനെ പൊലീസുകാർ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ കടുത്ത നടപടി വേണമെന്ന ആവശ്യം ഉയർന്നു. ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് പുറത്താക്കണമെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നത്.

സുജിത്തിനെ മർദ്ദിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ ഒരിക്കൽ അച്ചടക്ക നടപടി സ്വീകരിച്ചതാണ്. കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിൽ വീണ്ടും നടപടി സ്വീകരിക്കാൻ ആകുമോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. സർവീസിൽനിന്ന് നീക്കം ചെയ്താൽ തിരിച്ചടി ഉണ്ടാകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. പൊലീസുകാർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് സൂചനയാണ് സംസ്ഥാന പോലീസ് മേധാവി രവാഡാ ചന്ദ്രശേഖർ നൽകുന്നത്. കുന്നംകുളം സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദിച്ച സംഭവം പോലീസിന് കളങ്കം ഉണ്ടാക്കിയെന്ന വിമർശനവും ഉയരുന്നുണ്ട്.

Similar Posts