
പള്ളി പെരുന്നാളിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മർദിച്ച സംഭവം;കുന്നംകുളം എസ്ഐ വൈശാഖിനെ സ്ഥലം മാറ്റി
|വൈശാഖിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം മുഖ്യമന്ത്രിക്കും ഡിജിപി ക്കും പരാതിയും നൽകിയിരുന്നു
തൃശൂർ: പള്ളി പെരുന്നാളിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മർദിച്ച സംഭവത്തിൽ ആരോപണ വിധേയനായ കുന്നംകുളം സ്റ്റേഷൻ ഇൻസ്പെക്ടർ വൈശാഖിനെ സ്ഥലം മാറ്റി. കുന്നംകുളം ഗേൾസ് ഹൈസ്കൂൾ പള്ളിയിലെ പെരുന്നാളിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മർദിച്ചത് ഏറെ വിവാദമായിരുന്നു.
വൈശാഖിനെ തൃശൂർ ഒല്ലൂരിലേക്ക് ആണ് സ്ഥലം മാറ്റിയിട്ടുള്ളത്. നവംബർ രണ്ടാം തീയതിയിലെ പെരുന്നാളിനിടെ കുറുക്കൻപാറയിൽ വച്ച് സിപിഎം പ്രവർത്തകരെ എസ് ഐയും സംഘവും ചേർന്ന് അകാരണമായി മർദിച്ചുവെന്നായിരുന്നു പരാതി. സംഭവത്തിൽ സിപിഎം ഏരിയ കമ്മിറ്റി ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു. വൈശാഖിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി, മുഖ്യമന്ത്രിക്കും ഡിജിപി ക്കും അടിയന്തര പരാതിയും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റം.
പള്ളിപ്പെരുന്നാൾ ദിവസം എസ്ഐ വൈശാഖ് റോഡരികിൽ നിന്നവരെ മർദിച്ചെന്നും ലാത്തികൊണ്ട് കുത്തിപരിക്കേൽപ്പിച്ചെന്നും കുന്നംകുളം സ്വദേശി ജിൻസൺ ആരോപിച്ചിരുന്നു.