< Back
Kerala
താലൂക്കാശുപത്രി ശുചിമുറിയിലെ പ്രസവം; ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി വേണമെന്ന് കുടുംബം
Kerala

താലൂക്കാശുപത്രി ശുചിമുറിയിലെ പ്രസവം; ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി വേണമെന്ന് കുടുംബം

Web Desk
|
15 July 2021 5:34 PM IST

ശുചിമുറിയില്‍ പോയ യുവതി അവിടെ പ്രസവിക്കുകയായിരുന്നു. ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നാണ് യുവതിക്ക് പ്രഥമ ശുശ്രൂഷ നല്‍കിയത്.

കുന്നംകുളം താലൂക്കാശുപത്രിയിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കുടുംബം. ഞായറാഴ്ചയാണ് യുവതി ശുചിമുറിയില്‍ പ്രസവിച്ചത്.

പ്രസവവേദനയെത്തുടര്‍ന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ പ്രസവത്തിന് സമയമായില്ല കൂടുതല്‍ വേദനവരുമ്പോള്‍ ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കാം എന്നാണ് നഴ്‌സിങ് വിഭാഗത്തിലുള്ളവര്‍ പറഞ്ഞതെന്ന് യുവതിയുടെ ഭര്‍ത്താവ് പ്രവീണ്‍ പറഞ്ഞു.

പിന്നീട് ശുചിമുറിയില്‍ പോയ യുവതി അവിടെ പ്രസവിക്കുകയായിരുന്നു. ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നാണ് യുവതിക്ക് പ്രഥമ ശുശ്രൂഷ നല്‍കിയത്. കുഞ്ഞിന് ഭാരക്കുറവും മറ്റു ആരോഗ്യപ്രശ്‌നങ്ങളും ഉള്ളതിനാല്‍ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

താലൂക്കാശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുഞ്ഞിന്റെ ആരോഗ്യം വഷളാവാന്‍ കാരണമെന്നാണ് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ ഇത് സാധാരണ സംഭവം മാത്രമാണെന്നാണ് താലൂക്കാശുപത്രി സൂപ്രണ്ട് അടക്കമുള്ളവരുടെ നിലപാട്.

Similar Posts