
'പ്രതീക്ഷയുണ്ട് അവൻ ഇന്നലെ വന്നിട്ടില്ല, ഇറങ്ങിയാൽ അവൻ തോന്നിയപോലെയാണ് പെരുമാറുക' കുതിരാനിൽ ഇറങ്ങിയ ഒറ്റയാന് മദപ്പാട്
|മദപ്പാടുള്ള ആനയെ കുങ്കിയാനകളെ ഉപയോഗപ്പെടുത്തി നീക്കം ചെയ്യാൻ തീരുമാനിച്ചാൽ പ്രതികരണം എങ്ങനെയായിരിക്കുമെന്നതിൽ ആശങ്കയുണ്ടെന്നാണ് വനംവകുപ്പിന്റെ നിരീക്ഷണം
തൃശൂർ: തൃശൂർ കുതിരാനിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ഒറ്റയാന് മദപ്പാട്. ആനയെ ജനവാസ മേഖലയിൽ നിന്ന് മാറ്റാനുള്ള ദൗത്യം അതീവ സങ്കീർണമെന്ന് വിലയിരുത്തൽ. ആന മദപ്പാടിലായതിനാൽ ദൗത്യത്തിലേക്ക് കടന്നാൽ ആനയുടെ പ്രതികരണത്തെ സംബന്ധിച്ചും ആശങ്കയുണ്ട്. ആനയെ തുരത്താനുള്ള ദൗത്യം ഇന്നുമുതൽ ആരംഭിക്കും.
ഒറ്റയാനെ ട്രാക്ക് ചെയ്യുന്നതിനായുള്ള ശ്രമങ്ങൾ കുങ്കിയാനകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് നടക്കുകയാണ്. പകൽ സമയങ്ങളിൽ ആന എവിടെയാണുന്നതിൽ കൂടുതൽ വ്യക്തതയുള്ളതിനാൽ ജനവാസമേഖലയിൽ നിന്ന് തുരത്താനാകുമെന്ന് തന്നെയാണ് പ്രതീക്ഷ. എന്നിരുന്നാലും, മദപ്പാടുള്ള ആനയെ കുങ്കിയാനകളെ ഉപയോഗപ്പെടുത്തി നീക്കം ചെയ്യാൻ തീരുമാനിച്ചാൽ പ്രതികരണം എങ്ങനെയായിരിക്കുമെന്നതിൽ ആശങ്കയുണ്ടെന്നാണ് വനംവകുപ്പിന്റെ നിരീക്ഷണം.
'പ്രതീക്ഷയുണ്ട്. ഇന്നലെ അവൻ വന്നിട്ടില്ല, നാട്ടിലിറങ്ങിയാൽ അവന് തോന്നിയപോലെ അവൻ പെരുമാറും. ഇവനെ പിടികൂടുന്നതിനായി തെക്കുഭാഗത്ത് എല്ലാം സജ്ജീകരിച്ചിട്ടുണ്ടെങ്കിലും അവൻ കയറില്ല.' നാട്ടുകാർ പ്രതികരിച്ചു.
പ്രദേശവാസികളുടെ നിരന്തരമായ പരാതിയിന്മേലിലാണ് ആനയെ തുരത്തുന്നതിനായുള്ള ശ്രമങ്ങൾ വനംവകുപ്പ് ഊർജിതമാക്കിയത്. പകൽസമയങ്ങളിൽ ആനയുടെ നീക്കങ്ങളെ നിരീക്ഷിക്കുന്നതിനായി ഡ്രോൺ പറത്താൻ തീരുമാനിച്ചിട്ടുണ്ട്. ആനയുടെ സ്ഥാനം മനസ്സിലാക്കിയതിന് ശേഷമായിരിക്കും മറ്റ് നടപടികളിലേക്ക് കടക്കുകയെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.