< Back
Kerala
രാജിവെക്കാൻ സമ്മതിച്ചില്ല, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകിയില്ല; കുറ്റിപ്പുറത്തെ നഴ്‌സിന്റെ ആത്മഹത്യ മുൻ മാനേജരുടെ മാനസിക പീഡനംമൂലമെന്ന് പൊലീസ്
Kerala

'രാജിവെക്കാൻ സമ്മതിച്ചില്ല, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകിയില്ല'; കുറ്റിപ്പുറത്തെ നഴ്‌സിന്റെ ആത്മഹത്യ മുൻ മാനേജരുടെ മാനസിക പീഡനംമൂലമെന്ന് പൊലീസ്

Web Desk
|
24 July 2025 10:54 AM IST

ആത്മഹത്യ ചെയ്ത ദിവസം ഡ്യൂട്ടി കഴിഞ്ഞതിന് ശേഷം ക്യാബിനിൽ വിളിച്ചു വരുത്തി അമീനയെ അനാവശ്യമായി ചീത്ത വിളിച്ചെന്നും പൊലീസ്

മലപ്പുറം: കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് മുൻ മാനേജറുടെ മാനസിക പീഡനമെന്ന് പൊലീസ്. കഴിഞ്ഞ ഡിസംബറിൽ ആശുപത്രിയിൽ നിന്ന് രാജി വെക്കാൻ സന്നദ്ധത അറിയിച്ചിട്ടും മാനേജർ അബ്ദുറഹിമാൻ സമ്മതിച്ചിച്ചില്ലെന്നും പൊലീസ് കണ്ടെത്തി. ഈ വർഷം ജൂണിൽ വീണ്ടും രാജി നൽകിയെങ്കിലും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകാൻ മാനേജർ തയ്യാറായില്ല.അറിയാത്ത ജോലികൾ ചെയ്യാൻ നിർബന്ധിച്ചെന്നും പൊലീസ് പറയുന്നു.

ആവശ്യത്തിന് ജീവനക്കാർ ഇല്ലെന്ന് പറഞ്ഞു തുടരാൻ നിർബന്ധിച്ചു.ആത്മഹത്യ ചെയ്ത ദിവസം ഡ്യൂട്ടി കഴിഞ്ഞതിന് ശേഷം ക്യാബിനിൽ വിളിച്ചു വരുത്തി അനാവശ്യമായി ചീത്ത വിളിച്ചെന്നും ഈ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തല്‍.

അതേസമയം, നഴ്സ് ആത്മഹത്യ സംഭവത്തിൽ ആശുപത്രി മാനേജ്മെന്റിന് എതിരെ നടപടി വേണമെന്ന് ആവശ്യം ഉയരുകയാണ്. നിരവധി തവണ ആശുപത്രി ജനറൽ മാനേജർക്കെതിരെ പലരും പരാതി നൽകിയിട്ടും മാനേജ്മെന്റ് ഗൗനിച്ചിട്ടില്ലെന്നാണ് ആക്ഷേപം. ജനറൽ മാനേജരായ എൻ അബ്ദുറഹ്മാനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജൂലൈ 12നാണ് നേഴ്സ് ആയ കോതമംഗലം സ്വദേശി അമീനയെ ആശുപത്രിയിലെ താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യക്ക് കാരണം ആശുപത്രി ജനറൽ മാനേജരായ എൻ അബ്ദുറഹ്മാന്റെ മാനസിക പീഡനമാണെന്ന് കുടുംബവും കൂടെ ജോലി ചെയ്തവരും ആരോപിച്ചിരുന്നു. ആശുപത്രിക്ക് മുന്നിൽ വിവിധ രാഷ്ട്രീയ പാർട്ടിയുടെ വലിയ പ്രതിഷേധവും ഉയർന്നു. ഇതിന് പിന്നാലെ കഴിഞ്ഞദിവസമാണ് എൻ അബ്ദുറഹ്മാനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നിരവധിതവണ പലരും പരാതി നൽകിയിട്ടും മൗനം പാലിച്ചു.

കഴിഞ്ഞദിവസം കോതമംഗലത്ത് എത്തി അമീനയുടെ കുടുംബത്തിന്റെയും കൂടെ ജോലി ചെയ്തവരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. തിരൂർ ഡിവൈഎസ്പി സി പ്രേമാനന്ദ കൃഷ്ണനാണ് കേസ് അന്വേഷിക്കുന്നത്.

Similar Posts