< Back
Kerala
കെയുഡബ്ല്യൂജെ മലപ്പുറം ജില്ലാ സെക്രട്ടറിക്ക് പൊലീസ് മർദനം: പ്രതിഷേധിച്ച് യൂണിയൻ
Kerala

കെയുഡബ്ല്യൂജെ മലപ്പുറം ജില്ലാ സെക്രട്ടറിക്ക് പൊലീസ് മർദനം: പ്രതിഷേധിച്ച് യൂണിയൻ

Web Desk
|
8 July 2021 8:26 PM IST

കൈയിലും തോളിലും കാലിലുമായി പത്തിലധികം തവണ ലാത്തികൊണ്ട് തല്ലി. കൈയിലും കാലിലും തോളിലും പൊട്ടലുണ്ട്.

പത്രപ്രവർത്തക യൂണിയൻ മലപ്പുറം ജില്ലാസെക്രട്ടറിയും മാധ്യമം റിപ്പോർട്ടറുമായ കെപിഎം റിയാസിനെ അന്യായമായി പൊലീസ്‌ മർദ്ദിച്ചതിൽ യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. റിയാസ്‌ തന്‍റെ നാടായ പുറത്തൂർ പുതുപ്പള്ളിയിൽ വീടിന്‍റെ തൊട്ടടുത്ത കടയിൽ സാധനങ്ങൾ വാങ്ങാൻ പോയപ്പോഴാണ് തിരൂർ സിഐ ഫർസാദിന്‍റെ അതിക്രമം.

കടയിൽ ആളുള്ളതിനാൽ തൊട്ടപ്പുറത്തുള്ള കസേരയിൽ ഒഴിഞ്ഞുമാറി ഇരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം അവിടെയെത്തിയ പൊലീസ്‌ സംഘം വാഹനം നിർത്തി കടയിലേക്ക്‌ കയറുകയും സിഐയുടെ നേതൃത്വത്തിൽ റിയാസിനെ ലാത്തികൊണ്ട്‌ അടിക്കുകയുമായിരുന്നു. മാധ്യമ പ്രവർത്തകൻ ആണെന്ന് പറഞ്ഞപ്പോൾ "നീ ഏത് മറ്റവൻ ആയാലും വേണ്ടിയില്ല ഞാൻ സി ഐ ഫർസാദ് ആണ് ആരോടെങ്കിലും ചെന്ന് പറ" എന്ന് അധിക്ഷേപിക്കുകയും ചെയ്തു.

കൈയിലും തോളിലും കാലിലുമായി പത്തിലധികം തവണ ലാത്തികൊണ്ട് തല്ലി. കൈയിലും കാലിലും തോളിലും പൊട്ടലുണ്ട്. ലാത്തിയടിയേറ്റ അദ്ദേഹം ആശുപത്രിയിൽ ചികിത്സതേടി. പൊലീസ്‌ അധികൃതരുടെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കങ്ങളും അധിക്ഷേപവും അംഗീകരിക്കാനാകില്ലെന്ന് യൂണിയൻ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. കർശന നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

Similar Posts