< Back
Kerala
ആറ് കോടിയുടെ ഭൂമി തട്ടിപ്പുകേസ്; മുഖ്യപ്രതി അനിൽ തമ്പിയെ തിരുവനന്തപുരത്ത് എത്തിച്ചു
Kerala

ആറ് കോടിയുടെ ഭൂമി തട്ടിപ്പുകേസ്; മുഖ്യപ്രതി അനിൽ തമ്പിയെ തിരുവനന്തപുരത്ത് എത്തിച്ചു

Web Desk
|
26 Oct 2025 7:16 PM IST

അനിലിന് വ്യാജ ആധാരമുണ്ടാക്കാൻ സഹായം ചെയ്തു കൊടുത്തത് കോൺഗ്രസ് നേതാവ് അനന്തപുരി മണികണ്ഠനായിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആറ് കോടി രൂപയുടെ വസ്തു തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. വ്യവസായിയായ അനിൽ തമ്പിയെ ചെന്നൈയിൽ നിന്നാണ് പോലീസ് പിടികൂടിയത്. വിദേശ മലയാളിയുടെ വസ്തുവാണ് ഇയാൾ തട്ടിയെടുത്തത്. അമേരിക്കയിൽ താമസിക്കുന്ന ഡോറയുടെ തിരുവനന്തപുരം കവടിയാറുള്ള വീടും സ്ഥലവുമാണ് അനിലിന്റെ നേതൃത്വത്തിൽ വ്യാജരേഖ ഉണ്ടാക്കി തട്ടിയെടുത്തത്. ഡോറിയുമായി രൂപസാദൃശ്യമുള്ള സ്ത്രീയെ കൊണ്ടുവന്ന് ഇവരുടെ മകൾക്ക് വസ്തു നൽകിയതായി രേഖ ഉണ്ടാക്കി. പിന്നീട് അനിലന്റെ ബന്ധു ചന്ദ്രസേനൻ എന്നയാളുടെ പേരിലേക്ക് ഭൂമി മാറ്റുകയായിരുന്നു.

ഡോറയുടെ ബന്ധു കരം അടയ്ക്കാൻ എത്തിയപ്പോഴാണ് ഭൂമി വിൽപ്പന നടത്തിയതായി വിവരം പുറത്തുവന്നത്. പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്തതിന് പിന്നാലെ അനിൽ ഒളിവിൽ പോയി. മാസങ്ങളായി അനിലിന് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചില്ല. രഹസ്യവിവരത്തിനടിസ്ഥാനത്തിൽ പോലീസ് ചെന്നൈയിൽ എത്തിയാണ് അനിലിനെ പിടികൂടിയത്. അനിലിന് വ്യാജ ആധാരമുണ്ടാക്കാൻ സഹായം ചെയ്തു കൊടുത്തത് കോൺഗ്രസ് നേതാവ് അനന്തപുരി മണികണ്ഠനായിരുന്നു. ഇയാളെയടക്കം മ്യൂസിയം പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അനിലിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അനിലിന് ഏതെങ്കിലും ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Similar Posts