< Back
Kerala
Kerala State Government Extends Salary Challenge for Mundakkai Landslide Relief to September, Wayanad landslide,
Kerala

ഉരുൾപൊട്ടൽ ദുരന്തം: പുനരധിവാസ പാക്കേജിൽ ജീവനോപാധി ഉറപ്പാക്കും

Web Desk
|
29 Aug 2024 8:59 PM IST

വീട് നഷ്ടപ്പെട്ടവർക്ക് ആദ്യ പരി​ഗണന, 1000 സ്ക്വയർഫീറ്റിൽ ഒറ്റനില വീട് നിർമിച്ചു നൽകും

തിരുവനന്തപുരം: വയനാട് ദുരന്തത്തിലെ പുനരധിവാസ പാക്കേജിൽ ജീവനോപാധി ഉറപ്പാക്കാൻ തീരുമാനം. തൊഴിലെടുക്കാൻ കഴിയുന്ന പരമാവധി പേർക്ക് തൊഴിൽ ഉറപ്പുവരുത്തും. എല്ലാ സ്ത്രീകൾക്കും അവർക്ക് താൽപര്യമുള്ള തൊഴിലിൽ ഏർപ്പെടുന്നതിന് ആവശ്യമായ പരിശീലനവും ഇതോടൊപ്പം നൽകും.

പുനരധിവാസത്തിൻറെ ഭാഗമായി 1000 സ്ക്വയർഫീറ്റിൽ ഒറ്റനില വീടാണ് നിർമ്മിച്ചു നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷിയോഗത്തിൽ പറഞ്ഞു. ഭാവിയിൽ രണ്ടാമത്തെ നിലകൂടിക്കെട്ടാൻ സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുക. വീടുകൾ ഒരേ രീതിയിലാകും നിർമ്മിക്കുകയെന്നും ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വടകകെട്ടിടങ്ങളിൽ കച്ചവടം നടത്തുന്നവരെ കൂടി പുനരധിവാസത്തിൻറെ ഭാഗമായി സംരക്ഷിക്കും. ബാങ്കുകളിൽ നിന്നും സ്വകാര്യ മേഖലയിൽ നിന്നും കടമെടത്തവരുണ്ട്. അവ എഴുതി തള്ളുകയെന്ന പൊതുനിലപാടിലാണ് ബാങ്കിങ്ങ് മേഖല ഇപ്പോൾ ഉള്ളത്. ഇക്കാര്യത്തിൽ അവസാന തീരുമാനം ബാങ്ക് ഭരണ സമിതികളിലാണ് ഉണ്ടാകേണ്ടത്. റിസർവ്വ് ബാങ്കിനെയും കേന്ദ്ര ധനമന്ത്രാലയത്തെയും ഇക്കാര്യത്തിൽ ബന്ധപ്പെടും. സ്വകാര്യ വ്യക്തികൾ കടം ഈടാക്കുന്നത് പൊതുധാരണയ്ക്കെതിരാണ് എന്നതിനാൽ ജില്ലാ ഭരണ സംവിധാനം ശക്തമായി ഇടപെടും. സ്പെഷ്യൽ പാക്കേജാണ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നത്.

വിലങ്ങാടിലെ ദുരിതബാധിതർക്കും പുനരധിവാസം ഉറപ്പാക്കാൻ തീരുമാനമായി. വീട് നഷ്ടപ്പെട്ടവർക്ക് പുനരധിവാസത്തിൽ മുൻഗണന നൽകും. മാറി താമസിക്കേണ്ടി വന്നവരെ രണ്ടാംഘട്ടത്തിൽ പരിഗണിക്കും. വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് ആദ്യ ഘട്ട സഹായം സർക്കാർ പ്രഖ്യാപിച്ചിരുന്നു. ദുരിതബാധിതർക്ക് 10000 രൂപ അടിയന്തര സഹായം നൽകും. വാടകയായി 6,000 രൂപ വീതം നൽകുമെന്നും റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു. നാല് വാർഡുകൾ ദുരന്ത ബാധിത മേഖലയായി പ്രഖ്യാപിച്ചു.

വാണിമേൽ ഗ്രാമപഞ്ചായത്തിലെ 9, 10, 11 ഉം നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡുമാണ് ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ച്. ഈ പ്രദേശങ്ങളിലുള്ളവർക്ക് സൗജന്യ റേഷൻ ഉറപ്പാക്കും. വിലങ്ങാട് ഭാ​ഗങ്ങളിൽ സർക്കാർ സഹായം എത്തിയില്ലെന്ന മീഡിയവൺ വാർത്തയ്ക്ക് പിന്നാലെയാണ് നടപടി.ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് 18 വീടുകൾ പൂർണമായും 112ലധികം വീടുകൾ ഭാ​ഗികമായി നശിക്കുകയും വാസയോ​ഗ്യമല്ലാതാവുകയും ചെയ്തിട്ടുണ്ട്.

Similar Posts