< Back
Kerala
വിഴിഞ്ഞം സമരത്തില്‍ ലത്തീൻ അതിരൂപത ഹൈക്കോടതിയെ സമീപിക്കുന്നു
Kerala

വിഴിഞ്ഞം സമരത്തില്‍ ലത്തീൻ അതിരൂപത ഹൈക്കോടതിയെ സമീപിക്കുന്നു

ijas
|
28 Aug 2022 9:10 PM IST

മത്സ്യത്തൊഴിലാളികളില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ ലത്തീൻ അതിരൂപതയും ഹൈക്കോടതിയെ സമീപിക്കുന്നു. അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിൽ കക്ഷി ചേർക്കണം എന്ന് ആവശ്യപ്പെട്ടാണ് ലത്തീൻ അതിരൂപത ഹൈക്കോടതിയെ സമീപിക്കുന്നത്. വിഴിഞ്ഞം തുറമുഖ നിർമാണം മത്സ്യത്തൊഴിലാളി സമൂഹത്തിന് ആപത്താണെന്ന് ലത്തീൻ അതിരൂപത വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.

അതെ സമയം ഉപരോധ സമരം 13ആം ദിവസത്തിലേയ്ക്ക് കടന്നിരിക്കെ പോരാട്ടം കടുപ്പിക്കാനാണ് ലത്തീന്‍ അതിരൂപതയുടെ തീരുമാനം. തിങ്കളാഴ്ച കരയും കടലും ഉപരോധിക്കാനാണ് സമരസമിതിയുടെ തീരുമാനം. ഇന്ന് ലത്തീന്‍ അതിരൂപതയുമായി മന്ത്രിതലത്തില്‍ ചര്‍ച്ചകള്‍ക്ക് ശ്രമിച്ചെങ്കിലും സഭാ അധികാരികള്‍ ആരും തന്നെ ചര്‍ച്ചക്കെത്തിയില്ല. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ഗതാഗത മന്ത്രി ആന്‍റണി രാജു, ഫിഷറീസ് മന്ത്രി മന്ത്രി വി. അബ്ദുറഹ്മാന്‍ എന്നിവരാണ് ചര്‍ച്ചക്ക് വിളിച്ചത്. എന്നാല്‍ യോഗത്തിന്‍റെ അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ലത്തീൻ സഭ വ്യക്തമാക്കി. ഫിഷറീസ് മന്ത്രി വ്യക്തിപരമായി കാണണമെന്നാണ് അറിയിച്ചതെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാദർ യൂജിൻ പെരേരെ പറഞ്ഞു. സമരം പൊളിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

Similar Posts