< Back
Kerala
എല്‍ഡിഎഫിന്‍റെ  സീറ്റ് വിഭജന ചർച്ചകള്‍ക്ക് ഇന്ന് തുടക്കം
Kerala

എല്‍ഡിഎഫിന്‍റെ സീറ്റ് വിഭജന ചർച്ചകള്‍ക്ക് ഇന്ന് തുടക്കം

Web Desk
|
24 Feb 2026 7:16 AM IST

ചില സീറ്റുകൾ വെച്ചു മാറുന്നതിനെ കുറിച്ചുള്ള ചർച്ചകളും സജീവമാണ്

തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾ ഇന്ന് തുടങ്ങും. മുഖ്യമന്ത്രിയുടെ സമയ ലഭ്യത അനുസരിച്ച് എകെജി സെന്‍ററിലാണ് ചർച്ച നടക്കുന്നത്. കൂടുതൽ സീറ്റുകൾ പരസ്യമായി ഒരു ഘടകകക്ഷിയും ആവശ്യപ്പെട്ടിട്ടില്ല. ചില സീറ്റുകൾ വെച്ചു മാറുന്നതിനെ കുറിച്ചുള്ള ചർച്ചകളും സജീവമാണ്.

മുന്നണിയിലെ ഘടകകക്ഷികളുമായി സിപിഎം നേതൃത്വം ആണ് ചർച്ച നടത്തുന്നത്. മുന്നണിയിലെ രണ്ടാമത്തെ ഘടകകക്ഷി എന്ന നിലയിൽ സിപിഐയും ആയിട്ടായിരിക്കും ആദ്യ ചർച്ച.കഴിഞ്ഞതവണ 25 സീറ്റിൽ മത്സരിച്ച സിപിഐ അതിൽ കുറവ് വരുത്തില്ല.തിരുവനന്തപുരം സെൻട്രൽ സീറ്റ് സിപിഎം ഏറ്റെടുക്കാൻ തീരുമാനിച്ചാൽ അധികമായി ഒരു സീറ്റ് സിപിഐ ആവശ്യപ്പെട്ടേക്കും.

നിലവിൽ സീറ്റുകൾ ഇല്ലാത്ത വയനാട് ,കണ്ണൂർ ജില്ലകളിലാണ് സിപിഐയുടെ നോട്ടം. പകരം മലപ്പുറത്തുള്ള രണ്ട് സീറ്റുകൾ വിട്ട് നൽകാനാണ് ആലോചന.സിപിഐയുടെ കൈയിലുള്ള പറവൂർ സിറ്റ് ഏറ്റെടുക്കണമെന്ന താൽപര്യം സിപിഎമ്മിൽ ഉണ്ട്. കരുത്തനായ സ്ഥാനാർഥിയെ നിർത്തിയാൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ അവിടെ തളച്ചിടാൻ കഴിയുമെന്നാണ് പാർട്ടി കണക്കുകൂട്ടൽ.

കഴിഞ്ഞ തവണ പ്രത്യേക സാഹചര്യത്തിൽ വിട്ടു നൽകിയ കുറ്റ്യാടി സീറ്റടക്കം 13 സീറ്റുകൾ കേരള കോൺഗ്രസ് എം ആവശ്യപ്പെടും. നിലവിൽ സിറ്റിങ് എംഎൽഎ സിപിഎമ്മിൽ നിന്ന് ആയതുകൊണ്ട് കുറ്റ്യാടിക്ക് പകരം മറ്റേതെങ്കിലും സീറ്റുകൾ പാർട്ടി വാഗ്ദാനം ചെയ്തേക്കും. ജെഡിഎസിനും ആർജെഡിക്കും കഴിഞ്ഞ തവണ നൽകിയ സീറ്റുകൾ ഇത്തവണ നൽകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. കഴിഞ്ഞ തവണ മൂന്ന് സീറ്റിൽ ഒന്ന് വിജയിച്ച ഐഎൻഎൽ അതിനുശേഷം രണ്ടു പാർട്ടിയായി പിളർന്നു അതിനാൽ അവർക്കുള്ള സീറ്റ് കുറഞ്ഞേക്കും. ഇത്തവണ നിർണായക തെരഞ്ഞെടുപ്പ് ആയതിനാൽ വിജയം ഉറപ്പാക്കാൻ സീറ്റ് വിഭജനത്തിലും സ്ഥാനാർഥി നിർണയത്തിലും സിപിഎം കണിശത പുലർത്തും.




Similar Posts