< Back
Kerala
അവസാന നിമിഷം ഔദ്യോഗിക സ്ഥാനാർഥിയെ പിൻവലിച്ച് സ്വതന്ത്രന് പിന്തുണ നല്‍കി  എല്‍ഡിഎഫ്; പത്രിക പിന്‍വലിച്ചത് ബ്രാഞ്ച് കമ്മിറ്റിയംഗം
Kerala

അവസാന നിമിഷം ഔദ്യോഗിക സ്ഥാനാർഥിയെ പിൻവലിച്ച് സ്വതന്ത്രന് പിന്തുണ നല്‍കി എല്‍ഡിഎഫ്; പത്രിക പിന്‍വലിച്ചത് ബ്രാഞ്ച് കമ്മിറ്റിയംഗം

Web Desk
|
25 Nov 2025 12:58 PM IST

എൽഡിഎഫിന്റെ പുതിയ നീക്കം രാഷ്ട്രീയ പാപ്പരത്തമാണെന്ന് യുഡിഎഫ്

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭയിലെ ആറാംവാർഡ് കുളിർമലയിൽ അവസാന നിമിഷം സ്ഥാനാർഥിയെ മാറ്റി എൽഡിഎഫ്. എൽഡിഎഫ് സ്ഥാനാർഥിയായി പത്രിക നൽകിയിരുന്ന ബ്രാഞ്ച് കമ്മിറ്റിയംഗം എം. ഷാഹുൽ ഹമീദ് പാർട്ടി നിർദേശത്തെ തുടർന്ന് പത്രിക പിൻവലിച്ചു. ഡോ. നിലാർ മുഹമ്മദിന് എൽഡിഎഫ് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ആറാംവാർഡിൽ തെരഞ്ഞെടുപ്പ് ചിത്രം മാറിയത്.

ഐഎംഎ സംസ്ഥാന കോഓർഡിനേറ്ററായ ഡോ.നിലാർ മുഹമ്മദിനെ പിന്തുണയ്‌ക്കുക വഴി ആരോഗ്യ മേഖലയുടെ വലിയ പിന്തുണയാണ് എൽഡിഎഫ് സ്വപ്നം കാണുന്നത്. അതേസമയം, എൽഡിഎഫിന്റെ പുതിയ നീക്കം രാഷ്ട്രീയ പാപ്പരത്തമാണെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി. ഈ വാർഡിൽ യുഡിഎഫ് സ്ഥാനാർഥി നാലകത്ത് ബഷീർ മുൻപ് നഗരസഭാ കൗൺസിലറായിരുന്നു.

ആകെയുള്ള 37 വാർഡുകളിൽ എൽഡിഎഫിൽ 36 വാർഡുകളിലും സിപിഎം സ്ഥാനാർഥികളാണ്. ഇവരിൽ 22 പേർ പാർട്ടി ചിഹ്നത്തിൽ മത്സരിക്കും. 15 പേർ പാർട്ടി സ്വതന്ത്രരാണ്. നഗരസഭയിൽ 15 വാർഡുകളിലാണ് ബിജെപിക്ക് സ്ഥാനാർഥികളുള്ളത്. യുഡിഎഫിൽ 20 വാർഡുകളിൽ മുസ്‌ലിം ലീഗും 17 വാർഡുകളിൽ കോൺഗ്രസും മത്സരിക്കും.

എൽഡിഎഫിൽ മത്സര രംഗത്തുള്ള അഞ്ചു പേർ നിലവിലെ കൗൺസിൽ അംഗങ്ങളും രണ്ടു പേർ മുൻ കൗൺസിൽ അംഗങ്ങളുമാണ്. 30 പേർ പുതുമുഖങ്ങളാണ്. യുഡിഎഫിൽ മൂന്ന് പേർ നിലവിലെ കൗൺസിൽ അംഗങ്ങളും രണ്ട് പേർ പഴയ കൗൺസിലർമാരുമാണ്.

Similar Posts