< Back
Kerala
സ്ഥാനാർഥി നിർണയ ചര്‍ച്ചകള്‍ ആരംഭിക്കാൻ എൽഡിഎഫ്; രണ്ട് ടേം വ്യവസ്ഥ കർശനമാക്കില്ല
Kerala

സ്ഥാനാർഥി നിർണയ ചര്‍ച്ചകള്‍ ആരംഭിക്കാൻ എൽഡിഎഫ്; രണ്ട് ടേം വ്യവസ്ഥ കർശനമാക്കില്ല

Web Desk
|
7 Jan 2026 7:17 AM IST

തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി വിശദമായി വിലയിരുത്താൻ ഇടതുമുന്നണി യോഗം വെള്ളിയാഴ്ച ചേരും

തിിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയ ചര്‍ച്ചകള്‍ ഈ മാസം പകുതിയോടെ ആരംഭിക്കാൻ എൽഡിഎഫ് തീരുമാനം. പിണറായി വിജയൻ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കും. കഴിഞ്ഞ തവണത്തേതുപോലെ സ്ഥാനാർഥികൾക്ക് രണ്ട് ടേം വ്യവസ്ഥ കർശനമാക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി വിശദമായി വിലയിരുത്താൻ ഇടതുമുന്നണി യോഗം വെള്ളിയാഴ്ച ചേരും.

നിയമസഭയിൽ 71 എന്ന മാജിക് നമ്പർ കടക്കുക. അതിനപ്പുറം എൽഡിഎഫ് നേതാക്കൾക്ക് മുന്നിൽ മറ്റൊരു അജണ്ടയും ഈ ഏപ്രിൽ അവസാനം വരെയില്ല. തെരഞ്ഞെടുപ്പ് ആയില്ലങ്കിലും ചര്‍ച്ചയാകുന്ന വിഷയങ്ങൾ ഓരോ ദിവസവും മാറിമാറി വരികയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന കേന്ദ്ര വിരുദ്ധ സത്യാഗ്രഹത്തോടെ പ്രചരണ മേഖല കൂടുതൽ സജീവമാകും. സ്വർണപ്പാളി വിവാദം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്ന ബോധ്യമുള്ളപ്പോഴും പരസ്യമായി പറയാൻ സിപിഎം തയ്യാറായിട്ടില്ല. ഗൃഹസന്ദർശന പരിപാടിയിലൂടെ വിവാദങ്ങളെ മറികടക്കാം എന്നാണ് സിപിഎമ്മിന്റെ വിശ്വാസം.

ഇടതുമുന്നണി രാഷ്ട്രീയം എല്ലാ ജനങ്ങളിലേക്കും എത്തിക്കാനുള്ള മേഖലാജാഥകൾ ആരംഭിക്കുന്നതിനൊപ്പം സ്ഥാനാർത്ഥി ചർച്ചകളും സജീവമാകും. സർക്കാരിൻ്റെ നയസമീപനങ്ങളിലും നേതാക്കന്മാരുടെ പെരുമാറ്റത്തിലും മാറ്റം വേണമെന്ന് അഭിപ്രായം ഇടതുമുന്നണിയിലെ പല ഘടകകക്ഷികൾക്കും ഉണ്ട്. ഇതെല്ലാം പരിഹരിച്ച് സെക്രട്ടറിയേറ്റിലെ കന്‍റോണ്‍മെന്‍റ് ഗേറ്റ് കടന്ന് മൂന്നാം തവണയും എൽഡിഎഫ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുമെന്നാണ് ഇടതുമുന്നണി നേതാക്കളുടെ പ്രതീക്ഷ.

Similar Posts