
മിന്നൽപ്പിണറായി വിജയൻ; എൽഡിഎഫ് ചരിത്ര വിജയത്തിലേക്ക്
|ഭരണവിരുദ്ധ വികാരം പ്രകടമാവാത്ത തെരഞ്ഞെടുപ്പിൽ ഇടതു തരംഗം അലയടിച്ചെന്ന സൂചനയാണ് വിധി നൽകുന്നത്
സംസ്ഥാന രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ വീണ്ടും അധികാരത്തിലേക്ക്. ഉച്ചയ്ക്ക് പന്ത്രണ്ടു മണി വരെയുള്ള കണക്കുകൾ പ്രകാരം 140 അംഗ സഭയിൽ 90 സീറ്റുമായി എൽഡിഎഫ് വ്യക്തമായ മേധാവിത്വം തുടരുകയാണ്. ഭരണവിരുദ്ധ വികാരം പ്രകടമാവാത്ത തെരഞ്ഞെടുപ്പിൽ ഇടതു തരംഗം അലയടിച്ചെന്ന സൂചനയാണ് വിധി നൽകുന്നത്.
യുഡിഎഫ് 47 ഇടത്ത് മാത്രമാണ് മുമ്പിൽ നിൽക്കുന്നത്. എൻഡിഎ മൂന്നിടത്ത് മുമ്പിൽ നിൽക്കുന്നു. തൃശൂർ, തിരുവനന്തപുരം, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇടതു മുന്നണി വ്യക്തമായ ആധിപത്യം പുലർത്തി. തൃശൂരിലെ 13 സീറ്റുകളിൽ 12 ഇടത്തും എൽഡിഎഫ് ലീഡ് ചെയ്യുകയാണ്. തൃശൂർ മണ്ഡലത്തിൽ എൻഡിഎ ലീഡ് ചെയ്യുന്നു. പാലക്കാട്ടെ 12 മണ്ഡലങ്ങളിൽ ഒമ്പതിടത്തും എൽഡിഎഫാണ് മുമ്പിൽ. പാലക്കാട്ട് എൻഡിഎ മുമ്പിൽ നിൽക്കുന്നു. തൃത്താലയിലും മണ്ണാർക്കാട്ടും മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. ആലപ്പുഴയിൽ ഹരിപ്പാടും അരൂരും മാത്രമാണ് കോൺഗ്രസിന്റെ കൈവശമുള്ളത്. പത്തനംതിട്ടയിൽ കോന്നിയടക്കം അഞ്ചു മണ്ഡലങ്ങളിലും ഇടതു മുന്നണിയാണ് മുമ്പിൽ.
തിരുവനന്തപുരം ജില്ലയിലെ 14 മണ്ഡലങ്ങളിൽ ഒരിടത്ത് മാത്രമാണ് (കോവളം) യുഡിഎഫിന് ലീഡുള്ളത്. സംസ്ഥാനം ഉറ്റുനോക്കിയ നേമത്ത് എൻഡിഎ ലീഡ് ചെയ്യുന്നു. അരുവിക്കരയിലും (223) നേമത്തും (786) ചിറയിൻകീഴിലും (887) നേരിയ ഭൂരിപക്ഷം മാത്രമാണുള്ളത്. കൊല്ലത്ത് ചാത്തനൂർ, ഇരവിപുരം, കൊല്ലം, ചടയമംഗലം, പുനലൂർ, പത്തനാപുരം, കുന്നത്തൂർ മണ്ഡലങ്ങളിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു. മന്ത്രി മെഴ്‌സിക്കുട്ടിയമ്മ മത്സരിച്ച ചവറയിൽ യുഡിഎഫാണ് മുമ്പിൽ.
കോഴിക്കോട് ജില്ലയിലെ 13 സീറ്റിൽ 11 ഉം ഇടതിന് ഒപ്പമാണ്. എംകെ മുനീർ മത്സരിച്ച കൊടുവള്ളിയും കെകെ രമ മത്സരിച്ച വടകരയും മാത്രമാണ് യുഡിഎഫിന്റെ കൈവശമുള്ളത്. കോഴിക്കോട് സൗത്തിലും കൊയിലാണ്ടിയിലും കുറ്റ്യാടിയിലും ഇടതിന് നേരിയ ഭൂരിപക്ഷമാണ് ഉള്ളത്.
കണ്ണൂർ ജില്ലയിലെ 11 മണ്ഡലങ്ങളിൽ ഒമ്പതിടത്തും എൽഡിഎഫാണ് മുമ്പിൽ. ഇരിക്കൂറിലും പേരാവൂരിലും മാത്രമാണ് യുഡിഎഫ് മുമ്പിട്ടു നിൽക്കുന്നത്. സംസ്ഥാനം ശ്രദ്ധിച്ച അഴീക്കോട് മണ്ഡലത്തിൽ നാലായിരത്തോളം വോട്ടിന് ഇടതു മുന്നണി മുമ്പിലാണ്. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ എണ്ണായിരത്തോളം വോട്ടുകൾക്ക് മുമ്പിലാണ്.
ഇടതുതരംഗത്തിനിടയിലും മലപ്പുറം ലീഗിന്റെ കോട്ടയായി ഉറച്ചു നിൽക്കുകയാണ്. പൊന്നാനിയിൽ മാത്രമാണ് എൽഡിഎഫിന് വ്യക്തമായ മേൽക്കൈയുള്ളത്. തിരൂരങ്ങാടിയിൽ ഇരുനൂറ് വോട്ടുകൾക്ക് മാത്രം കെപിഎ മജീദ് പിന്നിലാണ്. ഗ്ലാമർ പോരാട്ടം നടന്ന തവനൂരിൽ കെ.ടി ജലീൽ പിന്നിലാണ്.
കാസർക്കോട് ഉദുമ, കാസർക്കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ യുഡിഎഫ് മുമ്പിലാണ്. തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് മണ്ഡലങ്ങളിൽ യുഡിഎഫും.