
'പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാമതാകും, എൽഡിഎഫ് ഭരണം തുടരും'; തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റിന്റെ ഫോൺ സംഭാഷണം പുറത്ത്
|ഒരു പഞ്ചായത്തിലെ കാര്യം മാത്രമാണ് താൻ പറഞ്ഞതെന്ന് പാലോട് രവി മീഡിയവണിനോട് പറഞ്ഞു
തിരുവനന്തപുരം: എൽഡിഎഫ് ഭരണം തുടരുമെന്ന് തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് രവി. പ്രാദേശിക കോൺഗ്രസ് നേതാവുമായുള്ള പാലോട് രവിയുടെ ടെലിഫോൺ സംഭാഷണം പുറത്ത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാമതാകുമെന്നും നിയമസഭ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകുമെന്നും സംഭാഷണത്തിൽ പാലോട് രവി പറഞ്ഞു. മുസ്‌ലിം വിഭാഗം മറ്റു പാർട്ടികളിലേക്കും സിപിഎമ്മിലേക്കും പോകും, കോൺഗ്രസ് എടുക്കാത്ത ചരക്കാകുമെന്നും പാലോട് രവി പറഞ്ഞു.
ഫോൺ സംഭാഷണം പുറത്തുവന്നതോടെ വിശദീകരണവുമായി പാലോട് രവി രംഗത്തെത്തി. ഒരു പഞ്ചായത്തിലെ കാര്യം മാത്രമാണ് താൻ പറഞ്ഞതെന്ന് പാലോട് രവി മീഡിയവണിനോട് പറഞ്ഞു. മികച്ച രീതിയിലാണ് കോൺഗ്രസ് കേരളത്തിൽ പ്രവർത്തിക്കുന്നതെന്നും തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് കോൺഗ്രസെന്നും പാലോട് രവി കൂട്ടിച്ചേർത്തു.
സംഭവത്തിൽ കെപിസിസി നേതൃത്വം കടുത്ത അതൃപ്തി അറിയിച്ചു. ഫോൺ സംഭാഷണത്തെക്കുറിച്ച് പാലോട് രവിയോട് വിശദാംശം തേടും. രവിയെ വിളിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.