< Back
Kerala
ഹരിത തർക്കത്തിൽ പ്രശ്ന പരിഹാരത്തിനായി വീണ്ടും ലീഗ് ശ്രമം; തീരുമാനം ഉടനുണ്ടായേക്കും
Kerala

ഹരിത തർക്കത്തിൽ പ്രശ്ന പരിഹാരത്തിനായി വീണ്ടും ലീഗ് ശ്രമം; തീരുമാനം ഉടനുണ്ടായേക്കും

Web Desk
|
26 Aug 2021 6:57 AM IST

ഹരിത നേതാക്കളെ എം.എസ്.എഫ്​ ഭാരവാഹികൾ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ മുസ്​ലിം ലീഗ്​ ഉന്നത നേതൃത്വം ഇരു വിഭാഗവുമായും കൂടിക്കാഴ്ച നടത്തി

ഹരിത നേതാക്കളെ എം.എസ്.എഫ്​ ഭാരവാഹികൾ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ മുസ്​ലിം ലീഗ്​ ഉന്നത നേതൃത്വം ഇരു വിഭാഗവുമായും കൂടിക്കാഴ്ച നടത്തി. മലപ്പുറം ലീഗ്​ ഹൗസിലാണ് ചർച്ച നടത്തിയത് . ഇന്നലെ വൈകുന്നേരം തുടങ്ങിയ ചർച്ച രാത്രി വൈകിയും തുടർന്നു. രാത്രി 12 മണിയോടെയാണ് ചർച്ച അവസാനിച്ചത് . . മുസ്​ലിം ലീഗ്​ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ്​ ബഷീർ എം.പി, എം.കെ. മുനീർ എം.എൽ.എ, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, എന്നിവരാണ്​ ഇരു വിഭാഗവുമായി സംസാരിച്ചത്​.

ലൈംഗിക അധിക്ഷേപം അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി എം.എസ്.എഫ് നേതൃത്വത്തിനെതിരെ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്ന് നേരത്തെ ലീഗ് നേതൃത്വം ഹരിത സംസ്ഥാന ഭാരവാഹികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിന് ഹരിത ഭാരവാഹികൾ വഴങ്ങിയിരുന്നില്ല. തുടർന്നാണ് ഹരിത സംസ്ഥാന കമ്മിറ്റിയെ മരവിപ്പിച്ചുകൊണ്ടുള്ള ലീഗ് നേതൃത്വത്തിന്റെ ഇടപെടലുണ്ടാകുന്നത്.

കടുത്ത അച്ചടക്കലംഘനമാണ് ഹരിത നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതെന്ന വിലയിരുത്തലിലായിരുന്നു നടപടി. തുടർന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസിനോട് വിശദീകരണം നൽകാൻ ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. 15 ദിവസത്തെ കാലാവധിയാണ് നൽകിയിരുന്നത്. അടുത്ത മാസം അഞ്ചിനാണ് കാലാവധി തീരുന്നത്. ജൂൺ 22ന് കോഴിക്കോട് ചേർന്ന എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ് ഹരിത നേതാക്കൾക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്നാണ് ഹരിത നേതാക്കളുടെ പരാതി.

Similar Posts