
'ഇതെന്താ വെള്ളച്ചാട്ടമോ..?;' രാജ്യാന്തര നിലവാരത്തില്‍' പുതുക്കിപ്പണിത കലൂർ സ്റ്റേഡിയത്തിൽ ചോർച്ച
|മേൽക്കൂരകൾ വഴി വെള്ളം ഇരിപ്പിടങ്ങളിലേക്ക് കുത്തിയൊലിച്ചെത്തുന്നതിന്‍റെ വിഡിയോയും പുറത്ത് വന്നു.
കൊച്ചി: നവീകരിച്ച എറണാകുളം കലൂർ സ്റ്റേഡിയത്തിൽ ചോർച്ച. ഇന്നലെ രാത്രി പെയ്ത മഴയിലാണ് ചോർച്ച കണ്ടെത്തിയത്. സ്പോൺസറും, ജിസിഡിഎയും രാജ്യാന്തര നിലവാരത്തിൽ പുതുക്കിപ്പണിത സ്റ്റേഡിയമാണ്. മേൽക്കൂരകൾ വഴി വെള്ളം ഇരിപ്പിടങ്ങളിലേക്ക് കുത്തിയൊലിച്ചെത്തുന്നതിന്‍റെ വിഡിയോയും പുറത്ത് വന്നു. ഐഎസ്എൽ 2026 സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം ഇന്ന് നടക്കാനിരിക്കെയാണ് സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥ പുറത്തുവന്നിരിക്കുന്നത്. ഇന്ന് മത്സരം നടക്കുന്നതിന്‍റെ ഭാഗമായി അറ്റകുറ്റ പണികള്‍ നടത്താന്‍ എത്തിയ ജീവനക്കാരാണ് മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്ന കാഴ്ച കണ്ടത്.
സ്റ്റേഡിയത്തിന്റെ ഗാലറിക്ക് മുകളിലെ മേൽക്കൂര പലയിടങ്ങളിലും തകർന്ന നിലയിലാണ്. മഴ പെയ്യുമ്പോൾ ഗാലറിയിലെ ഇരിപ്പിടങ്ങളിലേക്ക് വെള്ളം വീഴുന്നത് ആരാധകർക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഇന്ന് വൈകിട്ട് മഴ പെയ്താല്‍ കുട ചൂടി കളി കാണേണ്ട അവസ്ഥയാകുമെന്ന് ആരാധകരും പറയുന്നു.
അർജന്റീന ടീമിന്റെ സന്ദർശനം ലക്ഷ്യമിട്ട് ഏകദേശം 70 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് ജിസിഡിഎയും സ്പോണ്‍സറും ഇവിടെ നടത്തിയത്. എത്ര രൂപ നവീകരണത്തിനായി ചെലവായി എന്നതിന്‍റെ കൃത്യം കണക്ക് ഇതുവരെ പുറത്ത് വന്നിട്ടുമില്ല. എന്നാൽ ഈ ജോലികൾ ശാസ്ത്രീയമല്ലെന്നും സുതാര്യമല്ലെന്നും ആരോപിച്ച് നേരത്തെ തന്നെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.