< Back
Kerala
Leopard Found in Chalakkudi and Dog Attacked
Kerala

ചാലക്കുടിയിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ; വളർത്തുനായയെ ആക്രമിച്ചു

Web Desk
|
29 March 2025 9:39 AM IST

പ്രദേശത്ത് വനംവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്.

തൃശൂർ: ചാലക്കുടിയിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ. കണക്കകടവ് സ്വദേശി അമ്മിണിയുടെ വീട്ടിലാണ് പുലിയെത്തിയത്. വളർത്തുനായയെ ആക്രമിച്ചതായും‌ താൻ കണ്ടത് പുലിയെ തന്നെയാണെന്നും വീട്ടമ്മ പറയുന്നു. പ്രദേശത്ത് വനംവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്.

ഇന്നലെ രാത്രി പത്തരയ്ക്കാണ് വളർത്തുനായയെ പുലി ആക്രമിച്ചതെന്ന് ടി.ജെ സനീഷ്‌കുമാർ എംഎൽഎ പറഞ്ഞു. വീട്ടുകാർ ലൈറ്റിട്ട് നോക്കി ബഹളം വച്ചപ്പോഴാണ് പുലി ഓടിപ്പോയത്. ഉടൻ തന്നെ വനംവകുപ്പിനെ വിവരമറിയിച്ചതായും അദ്ദേഹം പറഞ്ഞു.

ചാലക്കുടി, കൊരട്ടി മേഖലയിൽ പുലിയെ കാണുന്നുണ്ടെന്ന് നാട്ടുകാർ നിരന്തരം പരാതിയുയർത്തുന്നുണ്ട്. പ്രദേശത്ത് പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. പലയിടത്തും കണ്ടത് ഒരു പുലിയെ തന്നെയാണെന്നാണ് വനംവകുപ്പ് പറയുന്നത്.

ഇതിനിടെ, വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലി കുടുങ്ങിയില്ല. ഈ പരിസരത്തെവിടെയും കാടില്ലാതിരുന്നിട്ടും ഇവിടേക്ക് എങ്ങനെ പുലിയെത്തി എന്നതാണ് വനംവകുപ്പിന്റെ സംശയം.

അതേസമയം, ജനവാസമേഖലയിൽ തുടർച്ചയായി പുലിയെ കാണുന്നതിൽ ജനങ്ങൾ പരിഭ്രാന്തിയിലാണ്. കഴിഞ്ഞദിവസവും നായകൾക്ക് നേരെ വന്യമൃഗ ആക്രമണമുണ്ടായിരുന്നു.

ഇടുക്കി വണ്ടിപ്പെരിയാർ ഡൈമുക്കിലും പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു. എസ്.ടി.നഗർ ഭാഗത്തെ തെയിലത്തോട്ടത്തിലാണ് പുലിയെ കണ്ടത്. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് പ്രദേശത്ത് പുലിയെ കാണുന്നത്.



Similar Posts