
രാഹുലിനെതിരായ പരാതി: നിയമപരമായി കാര്യങ്ങൾ നടക്കട്ടെയെന്ന് ഷാഫി പറമ്പിൽ എംപി; ന്യായീകരിച്ച് അടൂർ പ്രകാശ്
|തെരഞ്ഞെടുപ്പ് വരുമ്പോൾ പല കള്ളക്കേസുകളും ഉണ്ടാകുമെന്നാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്രതികരണം.
കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയതിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. പരാതി ഉണ്ടെങ്കിൽ നിയമപരമായി കാര്യങ്ങൾ നടക്കട്ടെ. നിയമപരമായി നടക്കുന്ന കാര്യങ്ങൾക്ക് തങ്ങൾ തടസം നിൽക്കില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് രംഗത്തെത്തി. തെരഞ്ഞെടുപ്പ് വരുമ്പോൾ പല കള്ളക്കേസുകളും ഉണ്ടാകുമെന്നും തനിക്കെതിരെയും ഉണ്ടായിട്ടുണ്ടെന്നും അടൂർ പ്രകാശ് പ്രതികരിച്ചു. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ഏതെങ്കിലുമൊക്കെ കള്ളക്കേസുകൾ ഉണ്ടാക്കിയെടുക്കുക എന്നത് സർക്കാരിന്റെ രീതിയാണെന്നും അടൂർ പ്രകാശ് പറഞ്ഞു.
ആരുടെ പേരിലും കള്ളക്കേസ് കൊടുക്കാം. പരാതി ഉണ്ടെങ്കിൽ അന്വേഷണം നടക്കട്ടെ. അതിൽ എന്താണ് പുറത്തുവരുന്നതെന്ന് അറിയട്ടെ. അതിനു ശേഷം മറുപടി പറയാം. കള്ളക്കേസ് ആണോ എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും കേസ് തെളിഞ്ഞാൽ മുതിർന്ന നേതാക്കൾ ആലോചിച്ചു തീരുമാനം എടുക്കുമെന്നും ഇപ്പോൾ പരാതി വരാൻ കാരണം തെരഞ്ഞെടുപ്പാണെന്നും അടൂർ പ്രകാശ് അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് അതിജീവിത എംഎൽഎക്കെതിരെ പരാതി നൽകിയത്. ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. അതിജീവിതയുടെ പരാതി മുഖ്യമന്ത്രി ക്രൈംബ്രാഞ്ചിന് കൈമാറും. പുതിയ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് അതിജീവിത പരാതി നൽകിയത്. ഫോൺ രേഖകളും മറ്റ് തെളിവുകളും പരാതിക്കൊപ്പം മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
പരാതി മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ലൈംഗികാരോപണത്തിൽ രാഹുലിനെതിരെ കൂടുതൽ ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. കുറേക്കാലമായി യുവതി മാനസികമായി സമ്മർദത്തിലായിരുന്നു. അധിക്ഷേപവും അക്രമങ്ങളും തുടരുന്ന സാഹചര്യത്തിലാണ് പരാതി നൽകാൻ തീരുമാനിച്ചത്.
രാഹുലും പെൺകുട്ടിയും തമ്മിലുള്ള ചാറ്റും ഫോൺ സംഭാഷണവും പുറത്തുവന്നിരുന്നു. കുഞ്ഞിനെ വേണമെന്ന് രാഹുൽ പറയുന്ന ചാറ്റും ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ശബ്ദരേഖയുമാണ് പുറത്തുവന്നത്.