< Back
Kerala
പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള കത്ത് തയ്യാർ; മുഖ്യമന്ത്രി കണ്ടതിന് ശേഷം  കേന്ദ്രത്തിന് കൈമാറും
Kerala

പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള കത്ത് തയ്യാർ; മുഖ്യമന്ത്രി കണ്ടതിന് ശേഷം കേന്ദ്രത്തിന് കൈമാറും

Web Desk
|
31 Oct 2025 8:15 AM IST

മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം കേന്ദ്രത്തെ ഇന്നോ നാളെയോ അറിയിക്കും.

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാറിന് നൽകേണ്ട കത്തിന്റെ കരട് സർക്കാർ തയ്യാറാക്കി.മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ടശേഷം ചീഫ് സെക്രട്ടറി കത്ത് കേന്ദ്ര സർക്കാരിന് കൈമാറും. മന്ത്രിസഭാ യോഗ തീരുമാനം കേന്ദ്രത്തെ ഇന്നോ നാളെയോ അറിയിക്കും.

സിപിഐയുടെ ശക്തമായ എതിർപ്പിനൊടുവിലാണ് പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് പുനഃപരിശോധിക്കാൻ തീരുമാനമായത്.വിഷയം പരിശോധിച്ച്‌ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു.ഉപസമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കും വരെ പദ്ധതി നിർത്തിവയ്ക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ധാരണാപത്രം ഒപ്പുവെച്ച് ഏഴാമത്തെ ദിവസമാണ് പിഎംശ്രീ പദ്ധതിയിൽ നിന്ന് സർക്കാരിന്റെ പിന്മാറ്റമുണ്ടായത്. മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിലുള്ള ഉപസമിതിയിൽ രണ്ട് സിപിഐ മന്ത്രിമാരുമുണ്ട്. ഉപസമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതുവരെ പദ്ധതിയുമായി മുന്നോട്ടുപോകില്ലെന്ന് സർക്കാർ കേന്ദ്രത്തെ അറിയിക്കും. ദിവസങ്ങളായി നീണ്ട് നിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് സിപിഎം, സിപിഐയുമായി സമവായത്തിലെത്തിയത്.


Similar Posts