< Back
Kerala
kseb thiruvananthapuram
Kerala

കെഎസ്ഇബിയിൽ ഉടച്ചുവാര്‍ക്കൽ; സിവിൽ വിഭാഗം ചീഫ് എന്‍ജിനീയര്‍മാരുടെ ഘടനയിൽ മാറ്റം വരുത്തി

Web Desk
|
18 Feb 2025 7:58 AM IST

നാല് വിഭാഗമായി ഇവരെ തിരിച്ച് ചുമതലകൾ നല്‍കി

തിരുവനന്തപുരം: വലിയ പദ്ധതികളൊന്നും ഏറ്റെടുത്ത് നടപ്പിലാക്കാനാവുന്നില്ല. കെഎസ്ഇബിയിലെ സിവില്‍ വിഭാഗം ചീഫ് എന്‍ജിനീയര്‍മാരുടെ ഘടനയില്‍ മാറ്റം വരുത്തി. നാല് വിഭാഗമായി ഇവരെ തിരിച്ച് ചുമതലകള്‍ നല്‍കി. ആഭ്യന്തര വൈദ്യുതി ഉദ്പാദനം വര്‍ധിപ്പിക്കാനാവശ്യമായ പദ്ധതികള്‍ വേഗത്തിലാക്കേണ്ട പ്രധാന ചുമതലയാണ് സിവില്‍ വിഭാഗം ചീഫ് എന്‍ജിനീയര്‍മാരുടെ മുന്നിലുള്ളത്.

2030തോടെ ആഭ്യന്തര വൈദ്യുതി ഉദ്പാദനം 10000 മെഗാവാട്ടിലെത്തിക്കണമെന്ന ലക്ഷ്യമാണ് കെഎസ്ഇബിക്കുള്ളത്. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് യാഥാര്‍ഥ്യമാക്കിയത് 112 മെഗാവാട്ടിന്‍റെ ജലവൈദ്യുത പദ്ധതികള്‍ മാത്രമാണ്. 1970-90 കാലഘട്ടത്തില്‍ ശബരിഗിരിയും ഇടുക്കി പദ്ധതിയും നിര്‍മിച്ചപ്പോഴുള്ള അതേ എണ്ണം സിവില്‍ എന്‍ജിനീയര്‍മാരാണ് ഇപ്പോഴുമുള്ളത്. എന്നിട്ടും 1997ന് ശേഷം ഒരൊറ്റ വമ്പൻ പദ്ധതികള്‍ പണിയാന്‍ ബോര്‍ഡിന് കഴിഞ്ഞില്ല. ഇടുക്കി രണ്ടാം ഘട്ടവും പമ്പ് സ്റ്റോറേജ് പദ്ധതികളുള്‍പ്പെടെ വലിയ പദ്ധതികൾ നടപ്പിലാക്കേണ്ടതുണ്ട്. സമയ ബന്ധിതമായി ഇതൊക്കെ യാഥാര്‍ത്ഥ്യമാക്കാനാണ് സിവില്‍ വിഭാഗം ചീഫ് എന്‍ജിനീയര്‍മാരുടെ ഘടനയില്‍ മാറ്റം വരുത്തിയത്. പ്രോജക്ട് പ്ലാനിങ്, എക്സിക്യുഷന്‍, ബില്‍ഡിങ്, ഡാംസ് ആന്‍ഡ് സേഫ്റ്റി എന്നിങ്ങനെ നാലായിട്ടാണ് വിഭജനം.

പദ്ധതികളെപ്പറ്റിയുള്ള അന്വേഷണം, സാധ്യതാ പഠന റിപ്പോര്‍ട്ട് തയ്യാറാക്കല്‍ എന്നിവയാണ് പ്രോജക്ട് പ്ലാനിങ് ചീഫ് എന്‍ജിനീയറുടെ ചുമതലകള്‍. പദ്ധതിയുടെ ഡിസൈന്‍ ഉള്‍പ്പെടെ തയാറാക്കി ടെന്‍ഡര്‍ വിളിച്ച് നടപ്പിലാക്കേണ്ട ചുമതലയാണ് പ്രോജക്ട് എക്സിക്യുഷന്‍ ചീഫ് എന്‍ജിനീയര്‍ക്കുള്ളത്. പുതിയ കെട്ടിടങ്ങള്‍, ക്വാര്‍ട്ടേഴ്സുകള്‍ എന്നിവ പണിയുന്നതും പരിപാലനം എന്നിവയൊക്കെ ചെയ്യേണ്ടത് ബില്‍ഡിങ് ചീഫ് എന്‍ജിനീയറാണ്. ഡാമുകളുടെ ചുമതലായാണ് ഡാംസ് ആന്‍ഡ് സേഫ്റ്റി ചീഫ് എന്‍ജിനീയര്‍ക്ക്. ഓരോ മൂന്ന് മാസം കൂടുമ്പോഴും ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം വിലയിരുത്തി ഭേദഗതികള്‍ വരുത്തും.



Related Tags :
Similar Posts