< Back
Kerala
തദ്ദേശ തെരഞ്ഞെടുപ്പ്: കോട്ടയം ജില്ലാ പഞ്ചായത്തില്‍ മുസ്‌ലിം ലീഗിന് സീറ്റ് നല്‍കാന്‍ ധാരണ
Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: കോട്ടയം ജില്ലാ പഞ്ചായത്തില്‍ മുസ്‌ലിം ലീഗിന് സീറ്റ് നല്‍കാന്‍ ധാരണ

Web Desk
|
18 Nov 2025 7:56 PM IST

സംവരണ സീറ്റായ വൈക്കം ഡിവിഷനാണ് അനുവദിച്ചത്

കോട്ടയം: തെക്കന്‍ കേരളത്തിലെ ജില്ലാ പഞ്ചായത്തുകളില്‍ സീറ്റ് നല്‍കാത്ത കോണ്‍ഗ്രസ് നിലപാടില്‍ മുസ്‌ലിം ലീഗിന്റെ അമര്‍ഷം ശക്തമാകുന്നതിനിടെ കോട്ടയത്ത് സീറ്റ് അനുവദിച്ചു. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സംവരണ സീറ്റായ വൈക്കം ഡിവിഷനാണ് അനുവദിച്ചത്. കൊല്ലം, ആലപ്പുഴ ജില്ലകളിലെ ലീഗ് സീറ്റുകള്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു. അതിനിടെ ഇടുക്കിയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി ലീഗില്‍ കടുത്ത ഭിന്നത രൂപപ്പെട്ടു. നേതൃത്വത്തിനെതിരെ തൊടുപുഴയില്‍ പോസ്റ്ററുകള്‍ പതിച്ചു.

തെക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസിനെതിരെ ലീഗില്‍ ശക്തമായ അമര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് കോട്ടയം ജില്ലാ പഞ്ചായത്തിലെ ലീഗ് സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് വ്യക്തത വരുത്തിയത്. സംവരണ സീറ്റായ വൈക്കമാണ് അനുവദിച്ചത്. സംവരണ സീറ്റ് അനുവദിച്ചത് അനീതിയാണെന്ന വിലയിരുത്തല്‍ ലീഗ് നേതൃത്വത്തിന് ഉണ്ടെങ്കിലും സ്വീകരിക്കാനാണ് പാര്‍ട്ടി തീരുമാനം.

കൊല്ലം, ആലപ്പുഴ ജില്ലകളിലെ ലീഗിന്റെ ജില്ലാ പഞ്ചായത്ത് സീറ്റുകള്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോട്ടയത്തിന് പുറമേ തിരുവനന്തപുരം കണിയാപുരം ഡിവിഷന്‍ മാത്രമാണ് ലീഗിന് അനുവദിച്ചത്. പത്തനംതിട്ടയിലെ ചിറ്റാറിലും കൊല്ലം അഞ്ചലിലും തനിച്ച് മത്സരിക്കണമെന്ന വികാരം ലീഗില്‍ ശക്തമാണ്.

ഇടുക്കി ജില്ലയില്‍ മുസ്‌ലിം ലീഗിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി പാര്‍ട്ടി നേതാക്കള്‍ ചേരിതിരിഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള മാനദണ്ഡങ്ങള്‍ വ്യാപകമായി ലംഘിച്ചെന്നാണ് ലീഗിന്റെ പരാതി. മൂന്ന് ടേം നിബന്ധന പാലിച്ചില്ലെന്നാണ് പ്രധാന ആരോപണം.

അതേസമയം, തൊടുപുഴ നഗരസഭയില്‍ ലീഗ് മത്സരിക്കുന്ന ഒമ്പത് സീറ്റിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തൊടുപുഴയില്‍ മത്സരിക്കാന്‍ ലീഗിലെ വിമതരും നീക്കം നടത്തുന്നുണ്ടെന്നാണ് നിഗമനം.

Similar Posts