< Back
Kerala
vote
Kerala

ലോക്സഭാ തെരഞ്ഞെടുപ്പ്: ഇടുക്കിയുടെ അതിർത്തി മേഖലയിൽ ഇരട്ടവോട്ട് വിവാദം

Web Desk
|
21 March 2024 6:57 AM IST

ജില്ലയിൽ അമ്പതിനായിരത്തിലധികം ഇരട്ട വോട്ടുകളുണ്ടെന്നാണ് യു.ഡി.എഫും എൻ.ഡി.എയും ആരോപിക്കുന്നത്

തൊടുപുഴ: ലോക്സഭാ തെരഞ്ഞെടുപ്പ് എത്തുമ്പോൾ ഇടുക്കിയുടെ അതിർത്തി മേഖലകളില്‍ ഇരട്ടവോട്ട് വിവാദവും കൊഴുക്കുകയാണ്. ജില്ലയിൽ അമ്പതിനായിരത്തിലധികം ഇരട്ട വോട്ടുകളുണ്ടെന്നാണ് യു.ഡി.എഫും എൻ.ഡി.എയും ആരോപിക്കുന്നത്. പരാജയഭീതിയാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നായിരുന്നു എൽ.ഡി.എഫിന്റെ മറുപടി.

കേരളത്തിലും തമിഴ്‌നാട്ടിലും തിരിച്ചറിയല്‍ രേഖകളുള്ളവരാണ് ഇടുക്കിയിലെ അതിർത്തി പ്രദേശങ്ങളിലെ ഭൂരിഭാഗം പേരും. പീരുമേട്, ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലാണ് ഇരട്ട വോട്ടർമാർ കൂടുതലായുള്ളത്. തമിഴ്‌നാട്ടിലെ കമ്പം, തേനി അസംബ്ലി മണ്ഡലങ്ങളോടും തേനി ലോക്‌സഭാ മണ്ഡലത്തോടും അതിർത്തി പങ്കിടുന്ന പ്രദേശങ്ങളാണ് ഇവ.

രേഖകള്‍ രണ്ടു സംസ്ഥാനങ്ങളിലായതിനാല്‍ പരിശോധിക്കാനും സാങ്കേതിക തടസങ്ങളുണ്ട്. ഇരട്ടവോട്ടുകൾ തടയാൻ നടപടി വേണമെന്നാണ് യു.ഡി.എഫിന്റെ ആവശ്യം.

ഒരു സ്ഥാനാർത്ഥിയുടെ ജയപരാജയങ്ങൾ നിർണയിക്കും വിധം ഇരട്ട വോട്ടുകൾ ജില്ലയിൽ ഉണ്ടെന്നും അതിൻറെ ആനുകൂല്യം പറ്റുന്നത് ഇടതുപക്ഷമാണെന്നും എൻ.ഡി.എ കുറ്റപ്പെടുത്തി. എന്നാൽ, ആരോപണങ്ങൾക്ക് പിന്നിൽ പരാജയഭീതിയാണെന്നാണ് എൽ.ഡി.എഫിന്റെ മറുപടി.

വർഷങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നത്തിൽ പരിഹാരം കാണാൻ 2016ല്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ കാര്യമായ പുരോഗതിയുണ്ടായില്ലെന്നും ആരോപണമുണ്ട്.



Similar Posts