< Back
Kerala
ലോക്സഭാ തെരഞ്ഞെടുപ്പ്; ഇടതുമുന്നണിയുടെ സീറ്റ് വിഭജനം പൂർത്തിയായി
Kerala

ലോക്സഭാ തെരഞ്ഞെടുപ്പ്; ഇടതുമുന്നണിയുടെ സീറ്റ് വിഭജനം പൂർത്തിയായി

Web Desk
|
10 Feb 2024 6:29 PM IST

15 സീറ്റിൽ സി.പി.എമ്മും നാല് സീറ്റിൽ സി.പി.ഐയും ഒരു സീറ്റിൽ കേരള കോൺഗ്രസ് എമ്മും മത്സരിക്കും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ സീറ്റ് വിഭജനം പൂർത്തിയായി. 15 സീറ്റിൽ സി.പി.എമ്മും നാല് സീറ്റിൽ സി.പി.ഐയും ഒരു സീറ്റിൽ കേരള കോൺഗ്രസ് എമ്മും മത്സരിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു. കേരള കോൺഗ്രസ് എം രണ്ടാമതൊരു സീറ്റും ആർ.ജെ.ഡി ഒരു ലോക്സഭാ സീറ്റും ആവശ്യപ്പെട്ടെങ്കിലും സി.പി.എം അംഗീകരിച്ചില്ല.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ 16 സീറ്റിൽ സി.പി.എമ്മും നാല് സീറ്റിൽ സി.പി.ഐയും ആണ് മത്സരിച്ചുവന്നിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരള കോൺഗ്രസ് എം മുന്നണിയുടെ ഭാഗമായതോടെയാണ് അവർ മത്സരിച്ചുവന്നിരുന്ന കോട്ടയം സീറ്റ് നൽകിയത്. ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്നണിയിലെ മൂന്ന് കക്ഷികളാണ് മത്സരിക്കുന്നത്.

എപ്പോൾ തെരഞ്ഞെടുപ്പ് വന്നാലും നേരിടാൻ എൽ.ഡി.എഫ് സജ്ജമാണ്. ബന്ധപ്പെട്ട പാർട്ടികൾ വേഗത്തിൽ സ്ഥാനാർഥിയെ തീരുമാനിക്കും. അടുത്ത എൽ.ഡി.എഫ് യോഗത്തിന് മുൻപ് തീരുമാനമാകുമെന്നും ഇ.പി ജയരാജൻ പറഞ്ഞു.

കേരള കോൺഗ്രസ് എം രണ്ടാമതൊരു സീറ്റ് കൂടി മുന്നണി യോഗത്തിൽ ആവശ്യപ്പെട്ടെങ്കിലും നൽകാൻ കഴിയില്ലെന്ന് സി.പി.എം നേതൃത്വം അറിയിച്ചു. ആർ.ജെ.ഡിയും ഒരു ലോക്സഭാ സീറ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഘടകകക്ഷികൾ തന്നെ ഇത്തവണയും മത്സരിക്കട്ടെ എന്ന് നേതൃത്വം ആർ.ജെ.ഡിയെ അറിയിച്ചു. സോഷ്യലിസ്റ്റുകൾ സഹകരിക്കണമെന്ന് മുഖ്യമന്ത്രിയും യോഗത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ഈ മാസം 14ന് ജില്ലാ എൽ.ഡി.എഫ് യോഗങ്ങളും ചേരും.

Similar Posts