< Back
Kerala
LDF and UDF kerala lok sabha election 2024
Kerala

വീണ്ടും കനൽ ഒരുതരിയായി ഇടതുപക്ഷം; കേരളത്തിൽ യു.ഡി.എഫ് തരം​ഗം

Web Desk
|
4 Jun 2024 7:55 PM IST

തൃശൂരിലെ വിജയകുതിപ്പിലൂടെ അക്കൗണ്ട് തുറന്ന ബി.ജെ.പി തിരുവനന്തപുരം അടക്കമുള്ളയിടങ്ങളില്‍ മികച്ച മുന്നേറ്റവും നടത്തി.

തിരുവനന്തപുരം: ഒരിക്കല്‍ കൂടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം ആഞ്ഞു വീശിയപ്പോള്‍ പൊലിഞ്ഞത് എൽ.ഡി.എഫിന്റെ കണക്കുകൂട്ടലുകളാണ്. തൃശൂരിലെ വിജയകുതിപ്പിലൂടെ അക്കൗണ്ട് തുറന്ന ബി.ജെ.പി തിരുവനന്തപുരം അടക്കമുള്ളയിടങ്ങളില്‍ മികച്ച മുന്നേറ്റവും നടത്തി.

കഴിഞ്ഞ തവണത്തെ കനലൊരു തരിയെ കുറഞ്ഞത് എട്ട് സീറ്റിലേക്ക് എങ്കിലും എത്തിക്കാന്‍ കഴിയുമെന്നാണ് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പിന് ശേഷവും കണക്ക് കൂട്ടിയത്. പക്ഷേ കണക്ക് കൂട്ടലുകള്‍ പാളി. ഇത്തവണയും ദയനീയമായി തോറ്റു. സീറ്റുകളുടെ എണ്ണം നിലനിര്‍ത്തിയെങ്കിലും ഇടത് കോട്ടകളടക്കം പലയിടത്തും കടപുഴകി വീണു. സംസ്ഥാന സര്‍ക്കാരിന് എതിരായ ഭരണവിരുദ്ധ വികാരമാണ് എല്ലാം തുലച്ചതെന്ന് മനസിലാക്കാന്‍ പാര്‍ട്ടിക്കും മുന്നണിക്കും പാഴൂര്‍ പടിവരെയൊന്നും പോകേണ്ടതില്ല. ബിജെപിക്ക് എതിരെ ശക്തമായ ബദല്‍ കേന്ദ്രത്തില്‍ വരാന്‍ കേരളം കോണ്‍ഗ്രസിന് അനുകൂലമായി വിധി എഴുതിയെന്ന വിശദീകരണത്തിലൂടെ മാത്രം എല്‍ഡിഎഫിന് തലയൂരാനാവില്ല.

എന്നാൽ തൃശൂര്‍ നഷ്ടപ്പെട്ടത് ഉജ്ജ്വല വിജയത്തിനിടയിലും യു.ഡി.എഫിനും കല്ലുകടിയാണ്. പക്ഷേ ട്വന്‍റി- ട്വന്‍റി എന്ന സ്വപ്നം പൂവണഞ്ഞില്ലെങ്കിലും ആധികാരമായ വിജയമാണ് യുഡിഎഫ് കൊയ്തെടുത്തത്. പലയടിത്തും കഴിഞ്ഞ തവണത്തേക്കാള്‍ ചിലയിടങ്ങളില്‍ ഭൂരിപക്ഷം ഉയര്‍ത്താനും ആയി. ഷാഫി പറമ്പിലിനെ ഇറക്കിയ വടകരയിലെ സര്‍ജിക്കല്‍ സ്ട്രൈക്ക് വിജയം കൊയ്തത് കോണ്‍ഗ്രസ് നേതൃത്വത്തിനും കരുത്തായി മാറി. തൃശൂരില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും ബിജെപിയോട് പടവെട്ടാന്‍ കെ.മുരളീധരനെ ഇറക്കിയ തന്ത്രം മറ്റിടങ്ങളില്‍ യു.ഡി.എഫിന് സഹായമായിട്ടുണ്ട്.

സുരേഷ് ഗോപി നേടിയ വിജയത്തിലൂടെ അക്കൗണ്ട് തുറന്ന ബി.ജെ.പി ഇത് ഭാവിയില്‍ സംസ്ഥാന രാഷ്ട്രീയത്തിലെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്ന കണക്ക് കൂട്ടുലിലാണ്. വിജയം പ്രതീക്ഷിച്ച തിരുവനന്തപുരം പിടിക്കാന്‍ ഇത്തവണയും കഴിഞ്ഞില്ലെങ്കിലും തരൂരിന്‍റെ ഭൂരിപക്ഷം കുറയ്ക്കാനായത് ബിജെപി നേതൃത്വത്തിന് ചെറിയ ആശ്വാസമാണ്. ആറ്റിങ്ങലില്‍ വി.മുരളീധരന്‍ നടത്തിയ പോരാട്ടം ബി.ജെ.പിയെ ത്രസിപ്പിക്കുന്നതായിരുന്നു. പതിവ് പോലെ ശോഭാ സുരേന്ദ്രന്‍ ഇത്തവണയും പാര്‍ട്ടി അക്കൗണ്ടില്‍ കൂടുതല്‍ വോട്ടുകള്‍ എത്തിച്ചതും ബിജെപിക്ക് നേട്ടമായി കണക്കാക്കാനാവും.

Similar Posts