
ടെക്‌സ്‌റ്റൈൽസിന്റെ രണ്ടും മൂന്നും നിലകൾ പൂർണമായും കത്തി, മെഡിക്കൽ ഷോപ്പിന്റെ ഗോഡൗണും ചാമ്പലായി; കോടികളുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം
|കോഴിക്കോട്ടെ തീപിടിത്തത്തിന്‍റെ കാരണം തേടി കോർപറേഷനും പൊലീസും
കോഴിക്കോട്: കോഴിക്കോട് തീപിടിത്തത്തിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം. ടെക്സ്റ്റൈൽസിന്റെ രണ്ടും മൂന്നും നിലകൾ പൂർണമായും കത്തി.സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് യൂണിഫോമടക്കമുള്ള പുതിയ സ്റ്റോറ്റുകള്‍ എത്തിച്ചിരുന്നതായാണ് വിവരം. ഇതെല്ലാം കത്തിനശിച്ചു. തൊട്ടുടത്തുണ്ടായിരുന്ന മെഡിക്കൽ ഷോപ്പിന്റെ ഗോഡൗണും ചാമ്പലായിയിട്ടുണ്ട്.
തീ പിടിച്ച കെട്ടിടത്തിൽ ജില്ലാ ഫയർ ഫോഴ്സ് മേധാവിയുടെ നേതൃത്വത്തിൽ അൽപസമയത്തിനകം പരിശോധന നടത്തും. തീ പിടിത്തതിൻ്റെ കാരണം ഉൾപ്പെടെ പരിശോധിക്കും.
തീപിടിത്തത്തിന്റെ കാരണത്തെ കുറിച്ച് പരിശോധിക്കുമെന്ന് മേയർ ബീന ഫിലിപ്പ് പറഞ്ഞു. കെട്ടിടത്തിലെ കൂട്ടിചേർക്കൽ അനുമതിയോടെയാണെന്നും പരിശോധിക്കും. വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്ത് കൊണ്ടുള്ള സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് ചേരും.. ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്നും മേയർ പറഞ്ഞു. സമഗ്രമായ അന്വേഷണം നടത്തുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പ്രതികരിച്ചു.
രക്ഷാ പ്രവർത്തനം വൈകിച്ചത് അശാസ്ത്രീയമായ നിർമാണപ്രവർത്തനങ്ങൾ കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ ഉണ്ടായ തീപിടിത്തം പതിനൊന്ന് മണിയോടെയാണ് നിയന്ത്രണ വിധേയമാക്കിയത്.
അതേസമയം, കോഴിക്കോട് ബീച്ചിൽ പ്രവർത്തിച്ചിരുന്ന ഫയർ സ്റ്റേഷൻ അടച്ചുപൂട്ടിയതാണ് പുതിയ ബസ്റ്റാന്റിലെ അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്.നഗരത്തിൽ തീപിടിത്തമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് കിലോമീറ്ററുകൾക്കപ്പുറം മീഞ്ചന്തയിൽ നിന്നും വെള്ളിമാട് കുന്നിൽ നിന്നും ഫയർ യൂണിറ്റ് എത്തേണ്ട സ്ഥിതിയാണ്. 2023 സെപ്റ്റംബറിൽ അടച്ചുപൂട്ടിയ ബീച്ച് ഫയർ സ്റ്റേഷൻ പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള നടപടി പാതിവഴിയിലാണ്.