< Back
Kerala
സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി അതിരൂക്ഷം; അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം
Kerala

സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി അതിരൂക്ഷം; അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം

Web Desk
|
13 March 2026 6:46 AM IST

നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ 40,000 കിലോലിറ്റർ അധിക മണ്ണെണ്ണ സംസ്ഥാനങ്ങൾക്ക് നൽകാൻ തീരുമാനിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു

ന്യൂഡൽഹി: രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷമായി തുടരുന്നു. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ 40,000 കിലോലിറ്റർ അധിക മണ്ണെണ്ണ സംസ്ഥാനങ്ങൾക്ക് നൽകാൻ തീരുമാനിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. എൽപിജിയുടെ ക്ഷാമത്തെ തുടർന്നുള്ള പ്രതിസന്ധിയെ നേരിടാനാണ് ഈ നീക്കം.

സംസ്ഥാന സർക്കാരുകളുടെ ആവശ്യപ്രകാരം തെരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് വാണിജ്യ സിലിണ്ടറുകൾ നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. ക്ഷാമത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ അടച്ച റസ്റ്റോറന്റുകൾ ഇപ്പോഴും തുറന്നിട്ടില്ല. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കപ്പല്‍ സര്‍വീസുകളുടെ കുറവുമൂലം ഊര്‍ജവിതരണ ശൃംഖലയിലുണ്ടായ തടസമാണ് പാചകവാതക ക്ഷാമത്തിന് ഇടയാക്കുന്നത്. സിലിണ്ടര്‍ വിതരണം പരിമിതപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഗ്യാസ് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തില്‍ 30 ശതമാനം വരെ കുറവുണ്ടാകുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചിരുന്നു.

അതേസമയം, ഇന്ത്യയുടെ ഊര്‍ജ മേഖല സുരക്ഷിതമാണെന്നും ഇന്ധനക്ഷാമം നിലവിലില്ലെന്നുമാണ് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ഇന്നലെ ലോക്‌സഭയില്‍ പറഞ്ഞത്. ഇന്ധനം ശേഖരിക്കാനായുള്ള എല്ലാ നടപടിയും ഇന്ത്യ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

സംസ്ഥാനത്തും പാചകവാതക പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ്. ഗാർഹികേതര ആവശ്യങ്ങൾക്കുള്ള പാചക വാതക സിലണ്ടറുകളുടെ ക്ഷാമം നേരിടാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. നിലവിൽ സംസ്ഥാനത്തിന് അനുവദിച്ച ഗാർഹികേതര ഗ്യാസ് സിലണ്ടറുകളുടെ പരിധി ഉയർത്താൻ കേന്ദ്ര സർക്കാരിനോട് കേരളം ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനമായി.

അതേസമയം പാചകവാതക പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫിന്‍റെ നേതൃത്വത്തിൽ ഇന്ന് തിരുവനന്തപുരത്ത് പ്രതിഷേധ ധർണ സംഘടിപ്പിക്കും. തിരുവനന്തപുരം ജിപിഒ ഓഫീസിന് മുന്നിൽ നടക്കുന്ന പ്രതിഷേധം എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

Similar Posts