< Back
Kerala
Luca flew to Dubai,cial,petexport,latestnews
Kerala

'ലൂക്ക' പറന്നു ദുബായിലേക്ക്

Web Desk
|
7 Jun 2024 5:02 PM IST

കൊച്ചി വിമാനത്താവളത്തിലൂടെ വളർത്തു മൃഗങ്ങളെ വിദേശത്തേക്ക് കൊണ്ട് പോകാനനുമതി

കൊച്ചി: കേരളത്തിൽ നിന്നും ദുബായിലേക്ക് പറന്നതിന്റെ ത്രില്ലിലാണ് 'ലൂക്ക'. അതും ഖത്തർ എയർവേയ്‌സിന്റെ വിമാനത്തിൽ. ആറ്റിങ്ങൽ സ്വദേശികളായ രാജേഷ് - കവിത ദമ്പതിമാരുടെ ഓമന നായക്കുട്ടിയാണ് 'ലൂക്ക'. കൊച്ചി വിമാനത്താവളത്തിലൂടെ ഓമന മൃഗങ്ങളെ വിദേശത്തേക്ക് കൊണ്ടു പോകാനുള്ള സൗകര്യം നിലവിൽ വന്നതിനു പിന്നാലെ ആദ്യമായി പറക്കാൻ അവസരം ലഭിച്ചതും ലാസ അപ്സോ ഇനത്തിൽപ്പെട്ട 'ലൂക്ക' ക്കാണ്.

കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൽ നിന്ന് സിയാലിന് 'പെറ്റ് എക്‌സ്‌പോർട്ട്' അനുമതി ലഭിച്ചതോടെ, ഈ സൗകര്യമുള്ള കേരളത്തിലെ ഏക വിമാനത്താവളമായി സിയാൽ മാറി. 24 മണിക്കൂറും പ്രവർത്തിക്കുന്ന ശീതീകരിച്ച പെറ്റ് സ്റ്റേഷൻ, പ്രത്യേക കാർഗോ വിഭാഗം, വെറ്ററിനറി ഡോക്ടർമാർ, കസ്റ്റംസ് ക്ലിയറൻസ് കേന്ദ്രം, മൃഗങ്ങളെ കൊണ്ടു വരുന്നവർക്കുള്ള ഫെസിലിറ്റേഷൻ സെന്റർ എന്നിവയും സിയാൽ ഒരുക്കിയിട്ടുണ്ട്. ഇതുവരെ ആഭ്യന്തര റൂട്ടുകളിൽ മൃഗങ്ങളെ കൊണ്ടുപോകാനും കൊണ്ടു വരാനുമുള്ള അനുമതി മാത്രമേ സിയാലിന് ഉണ്ടായിരുന്നുള്ളൂ.

ഇന്ത്യയിലെ മുൻനിര വിമാനത്താവളങ്ങളിലുള്ള എല്ലാ സൗകര്യങ്ങളും കൊച്ചി വിമാനത്താവളത്തിൽ ഏർപ്പെടുത്താനാണ് മാനേജ്‌മെന്റ് ലക്ഷ്യമിടുന്നതെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. ''എല്ലാ യാത്രക്കാർക്കും അനുബന്ധ സൗകര്യങ്ങൾ സമഗ്രമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിയാൽ മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി പരമാവധി ഇടങ്ങളിൽ ഓട്ടോമാറ്റിക് സംവിധാനങ്ങൾ ഏർപ്പെടുത്തി. വളർത്തുമൃഗങ്ങളെ ഇറക്കുമതി ചെയ്യാനുള്ള അനുമതി (പെറ്റ് ഇംപോർട്ട് ഫെസിലിറ്റി) ലഭിക്കാനുള്ള ശ്രമങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്. കൂടാതെ, ഫുൾ ബോഡി സ്‌കാനറുകൾ പോലുള്ള അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഉടൻ പ്രാവർത്തികമാകും'', സുഹാസ് പറഞ്ഞു.

ജീവൻരക്ഷാ മരുന്നുകളും സൗന്ദര്യവർദ്ധക വസ്തുക്കളും ഇറക്കുമതി ചെയ്യുന്നതിന് സിയാലിന് ഈയിടെ കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഇതോടെ വൻകിട സ്റ്റോക്കിസ്റ്റുകൾക്ക് നേരിട്ട് കൊച്ചി വഴി മരുന്നുകളും സൗന്ദര്യവർധകവസ്തുക്കളും ഇറക്കുമതി ചെയ്യാനും സ്റ്റോക്ക് ചെയ്യാനും സാധിക്കും.

Similar Posts