< Back
Kerala
കോഴിക്കോട്ട് യുവാവിനെ മർദിച്ചുകൊന്ന സംഭവം: അയല്‍വാസി ഉള്‍പ്പെടെ 5 പേർ അറസ്റ്റിൽ
Kerala

കോഴിക്കോട്ട് യുവാവിനെ മർദിച്ചുകൊന്ന സംഭവം: അയല്‍വാസി ഉള്‍പ്പെടെ 5 പേർ അറസ്റ്റിൽ

Web Desk
|
30 May 2023 6:33 AM IST

മദ്യപിച്ച ശേഷമുള്ള വാക്കുതര്‍ക്കത്തിനു പിന്നാലെയായിരുന്നു കൊലപാതകം

കോഴിക്കോട്: കോഴിക്കോട് കൊമ്മേരിയിൽ യുവാവിനെ മർദിച്ചുകൊന്ന കേസിൽ അ‌ഞ്ചു പേർ അറസ്റ്റിൽ. ഇന്നലെ രാവിലെയാണ് കൊമ്മേരി സ്വദേശി കിരൺകുമാറിനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം മർദനമേറ്റതാണെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു.

കോഴിക്കോട് കൊമ്മേരി സ്വദേശിയായ കിരൺകുമാറിനെ വീടിന് സമീപത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മർദനമേറ്റതിന്‍റെ പാടുകളുണ്ടായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ക്രൂരമായ മർദനമേറ്റതാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമാകുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിരണിന്‍റെ അയൽവാസി സതീഷിലേക്ക് അന്വേഷണമെത്തിയത്.

ശനിയാഴ്ച രാത്രി മദ്യപിച്ച ശേഷം കിരണിന്റെ വീടിന് സമീപത്തെത്തിയ സതീഷ്, കിരണുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പിന്നീട് സൃഹൃത്തുക്കളായ മനോജ്, സൂരജ്, ഉമേഷ് എന്നിവരെയും സതീഷ് വിളിച്ചുവരുത്തിയാണ് കിരണിനെ മർദിച്ചത്.

അഞ്ചാം പ്രതി ജിനേഷ് ആണ് കൊലപാതകത്തിന് വേണ്ട സഹായങ്ങൾ ചെയ്തത്. കിരണിന്റെ വാരിയെല്ലുകളും തുടയെല്ലും തകർന്ന നിലയിലായിരുന്നു. തുടയെല്ലിനും വാരിയെല്ലിനുമേറ്റ ഗുരുതര പരിക്കുകയാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം നിഗമനം.



Related Tags :
Similar Posts