< Back
Kerala
ആരുടെയെങ്കിലും പ്രസംഗത്തിൽ ജമാഅത്തെ ഇസ്‌ലാമിയെ ആവശ്യത്തിൽ അധികം വിമർശിച്ചിട്ടുണ്ടെങ്കിൽ അത് പാർട്ടിയുടെ കാഴ്ച്ചപ്പാടല്ല: എം.എ ബേബി
Kerala

ആരുടെയെങ്കിലും പ്രസംഗത്തിൽ ജമാഅത്തെ ഇസ്‌ലാമിയെ ആവശ്യത്തിൽ അധികം വിമർശിച്ചിട്ടുണ്ടെങ്കിൽ അത് പാർട്ടിയുടെ കാഴ്ച്ചപ്പാടല്ല: എം.എ ബേബി

Web Desk
|
18 March 2026 8:43 AM IST

ജമാഅത്തെ ഇസ്‌ലാമിക്കെതിരായി ചില പ്രഭാഷണങ്ങളിലോ പ്രതികരണങ്ങളിലോ പരാമർശങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്നല്ലാതെ, അവർക്കെതിരെ ഔദ്യോഗികമായി ഒരു പ്രസ്താവന പാർട്ടി ഏതെങ്കിലും ഘട്ടത്തിൽ ഇറക്കിയതായി താൻ കരുതുന്നില്ലെന്നും ബേബി പറഞ്ഞു

തിരുവനന്തപുരം: ആരുടെയെങ്കിലും പ്രസംഗത്തിൽ ജമാഅത്തെ ഇസ്‌ലാമിയെ ആവശ്യത്തിൽ അധികം വിമർശിച്ചിട്ടുണ്ടെങ്കിൽ അത് പാർട്ടിയുടെ കാഴ്ച്ചപ്പാടല്ലെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി എം.എ ബേബി. ജമാഅത്തെ ഇസ്‌ലാമിക്കെതിരെ സിപിഎം പ്രസ്‌താവന ഇറക്കിയിട്ടില്ല, എന്നാൽ വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രചരണങ്ങൾക്കെതിരെയുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂനപക്ഷ വിഭാഗങ്ങൾ സംഘടിക്കുമ്പോൾ അത് പലപ്പോഴും ന്യൂനപക്ഷ വർഗീയതയായി മാറുകയും ഭൂരിപക്ഷ വർഗീയതയ്ക്ക് ന്യായീകരണമായി ഭവിക്കുകയും ചെയ്യുന്നു എന്ന നിലയിലാണ് പാർട്ടി ന്യൂനപക്ഷ വർഗീയതയെ വിമർശിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിയെ പാർട്ടി ആവശ്യത്തിൽ കൂടുതൽ വിമർശിക്കുന്നതിൽ അനുപാതരഹിതമായ ഒരു വിമർശനം പാടില്ല എന്നത് തന്നെയാണ് പാർട്ടിയുടെ കാഴ്ചപ്പാട് എന്ന് അദ്ദേഹം വ്യക്തമാക്കി. ജമാഅത്തെ ഇസ്‌ലാമിക്കെതിരായി ചില പ്രഭാഷണങ്ങളിലോ പ്രതികരണങ്ങളിലോ പരാമർശങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്നല്ലാതെ, അവർക്കെതിരെ ഔദ്യോഗികമായി ഒരു പ്രസ്താവന പാർട്ടി ഏതെങ്കിലും ഘട്ടത്തിൽ ഇറക്കിയതായി താൻ കരുതുന്നില്ലെന്നും ബേബി പറഞ്ഞു.

എന്നാൽ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തുന്ന വിദ്വേഷ പ്രചരണങ്ങൾക്കെതിരെ പാർട്ടി കൃത്യമായി പ്രതികരിച്ചിട്ടുണ്ടെന്നും ബേബി പറഞ്ഞു. പ്രസ്താവനയിൽ പേരെടുത്തു പറഞ്ഞില്ലെങ്കിലും, വായിക്കുന്ന ആർക്കും മനസിലാകുന്ന വിധത്തിൽ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ ഈ വിഷയത്തിൽ ശക്തമായി പ്രതികരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏത് സമൂഹത്തിലുമുള്ള മതപരമോ ഭാഷാപരമോ ആയ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നത് കമ്യൂണിസ്റ്റുകാരുടെ ബാധ്യതയാണ്. ആ പാരമ്പര്യത്തിൽ ഉറച്ചു നിന്നുകൊണ്ടാണ് ഇന്നത്തെ വർഗീയതയുടെയും ജാതീയതയുടെയും പ്രശ്നങ്ങളെ സിപിഎം കൈകാര്യം ചെയ്യുന്നത്. സിപിഎമ്മിന് ഒരിക്കലും ഒരു മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കാൻ സാധ്യമല്ലെന്നും അദ്ദേഹം ആവർത്തിച്ചു. ജോയിൻ ദി സ്റ്റോറി എന്ന യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Similar Posts