< Back
Kerala
abdulnasarmadanii hospitalized
Kerala

മഅ്ദനിയെ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാക്കി

Web Desk
|
27 Feb 2025 9:34 PM IST

ഡോക്ടർമാരുടെ സൂക്ഷ്മ നിരീക്ഷണത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്

കൊച്ചി: ആരോഗ്യാവസ്ഥ പ്രയാസകരമായ സാഹചര്യത്തില്‍ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ശസ്ത്രക്രിയ പൂർത്തിയായി. രാവിലെ ഏഴിന് തുടങ്ങിയ ശസ്ത്രക്രിയ ഉച്ചയോടെയാണ് പൂർത്തിയായയത്. തുടർന്ന് ഡോക്ടർമാരുടെ സൂക്ഷ്മ നിരീക്ഷണത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്.

മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ നേഫ്രോളജിസ്റ്റ് ഡോ. മുഹമ്മദ് ഇഖ്ബാലിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. യൂറോ സർജൻ ഡോ. സച്ചിൻ ജോസഫ്, അനസ്‌തേഷ്യ വിഭാഗം തലവൻ ഡോ. വിനോദൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരിന്നു.

നേരത്തെ പേരിട്രേണിയൽ - ഹീമോ ഡയാലിസിസുകൾ സംയുക്തമായി ചെയ്തിട്ടും രക്തസമ്മർദ്ദം നിരന്തരം ഉയരുകയും താഴുകയും ചെയ്യുന്ന അതിസങ്കീർണമായ ശാരീരിക അവസ്ഥയെ വിവിധ സമയങ്ങളിൽ മഅ്ദനി അഭിമുഖീകരിക്കുകയും നിരവധി തവണ മാസങ്ങളോളം നീളുന്ന ഹോസ്പിറ്റൽ വാസത്തിന് വിധേയമാവുകയുണ്ടായി.

തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിൻ്റെ കുറവ് ഉണ്ടാകുമ്പോഴകുള്ള സ്ട്രോക്ക് മുലമുള്ള അബോധാവസ്ഥ, ഡയബറ്റിക് ന്യൂറോപ്പതി മൂലമുള്ള രക്തക്കുഴലുകളുടെ ദുർബലവസ്ഥ തുടങ്ങീ മറ്റു അനവധി ആരോഗ്യപ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നതിനാൽ ശസ്ത്രക്രിയ സങ്കീർണമായിരുന്നു.

ശസ്ത്രക്രിയക്ക് ശേഷം അണുബാധ ഉണ്ടാകാതിരിക്കാനും സൂക്ഷ്മമായ ശാരീരിക നിരീക്ഷണത്തിനും വേണ്ടി ഒരു വർഷക്കാലത്തോളം ദീർഘമായി നീളുന്ന ആശുപത്രി സമാനമായ ജീവിത സാഹചര്യത്തിലൂടെയും അദ്ദേഹം കടന്നുപോകേണ്ടി വരും. ഭാര്യ സൂഫിയ മഅ്ദനി,മകൻ സലാഹുദ്ധീൻ അയ്യൂബി, പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് എന്നിവർ ഹോസ്പിറ്റലിൽ അദ്ദേഹത്തോടൊപ്പമുണ്ട്.പൂർണ്ണമായ ആരോഗ്യ അവസ്ഥയിലേക്ക് തിരിച്ചെത്താൻ നിരന്തരം പ്രാർത്ഥനകൾ തുടരണമെന്ന് കുടുംബം അഭ്യർത്ഥിച്ചു.

Similar Posts