< Back
Kerala
Madhu Mullassery
Kerala

മധു മുല്ലശ്ശേരി ബിജെപിയിൽ; കെ. സുരേന്ദ്രനില്‍ നിന്ന് നാളെ അംഗത്വം ഏറ്റുവാങ്ങും

Web Desk
|
3 Dec 2024 1:40 PM IST

ബിജെപിയിൽ ചേരുമെന്ന വാർത്തകൾക്ക് പിന്നാലെ രാവിലെ മധുവിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു

തിരുവനന്തപുരം: സിപിഎം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിൽ . ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനില്‍ നിന്ന് നാളെ അംഗത്വം ഏറ്റുവാങ്ങും. കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ളവർ മധുവിനെ കാണാന്‍ വീട്ടിലെത്തി. ബിജെപിയിൽ ചേരുമെന്ന വാർത്തകൾക്ക് പിന്നാലെ രാവിലെ മധുവിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു.

മൂന്നാം തവണയും മംഗലപുരം ഏരിയ സെക്രട്ടറി സ്ഥാനം കിട്ടാതായതോടെയാണ് മധു മുല്ലശ്ശേരി ഏരിയ സമ്മേളനത്തിൽ നിന്നിറങ്ങിപ്പോയത്. ജില്ലാ സെക്രട്ടറി വി.ജോയിക്കെതിരെ ഗുരുതരാരോപണങ്ങളും ഉന്നയിച്ചു. ഇന്നലെ രാവിലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം മധുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിക്കുകയും സംസ്ഥാന സെക്രട്ടറിയേറ്റിന് ശിപാർശ കൈമാറുകയും ചെയ്തു. ഇന്ന് രാവിലെ സംസ്ഥാന നേതൃത്വം അതിന് അംഗീകാരം നൽകി. ഏരിയ സെക്രട്ടറി ആയിരിക്കെ തന്നെ ബിജെപിയുമായി മധു മുല്ലശ്ശേരി അടുത്തിരുന്നുവെന്ന വിവരം കിട്ടിയിരുന്നുവെന്ന് ജില്ലാ സെക്രട്ടറി വി.ജോയ് പറഞ്ഞു.

കേന്ദ്രമന്ത്രി സുരേഷ് ഗോപി ,മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍,ജില്ലാ പ്രസിഡന്‍റ് വി.വി രാജേഷ് അടക്കമുള്ളവർ മധുവന്‍റെ വീട്ടിലെത്തി പാർട്ടിയിലേക്ക് ക്ഷണിച്ചു. തൊട്ടു പിന്നാലെ ബിജെപിയിൽ ചേരുന്നതായി മധു മുല്ലശ്ശേരി പ്രഖ്യാപിച്ചു. മുല്ലശ്ശേരിയുടെ മകനും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയും പാർട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമായ മിഥുനും ബിജെപിയില്‍ ചേരുന്നുണ്ട്. വർഷങ്ങളായി സിപിഎമ്മിൽ പ്രവർത്തിച്ചയാൾ പാർട്ടിയുടെ ഭാഗമായത് വലിയ പ്രചരണ വിഷയമാക്കാനാണ് ബിജെപിയുടെ നീക്കം. അതേസമയം മധുവിനെതിരെ പാർട്ടിക്ക് ലഭിച്ച സാമ്പത്തിക ആരോപണ പരാതികൾ പരസ്യമാക്കാൻ സിപിഎമ്മും ആലോചിക്കുന്നുണ്ട്.



Similar Posts