< Back
Kerala
മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രതി അബ്ബാസിന് ജാമ്യമില്ല
Kerala

മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രതി അബ്ബാസിന് ജാമ്യമില്ല

Web Desk
|
18 Nov 2022 5:43 PM IST

മധുവിന്റെ അമ്മ മല്ലിയെയും സഹോദരി സരസുവിനെയുമാണ് അബ്ബാസ് ഭീഷണിപ്പെടുത്തിയത്

പാലക്കാട്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അബ്ബാസിന് ജാമ്യം അനുവദിച്ചില്ല. മണ്ണാർക്കാട് എസ് സി- എസ് ടി കോടതിയുടേതാണ് നടപടി. ജാമ്യം അനുവദിക്കരുതെന്നും വീണ്ടും ഭീഷണിയുണ്ടാകുമോ എന്ന് ഭയക്കുന്നതായും മധുവിന്റെ അമ്മ മല്ലി കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യം നിഷേധിച്ചത്.

മധുവിന്റെ അമ്മ മല്ലിയെയും സഹോദരി സരസുവിനെയുമാണ് അബ്ബാസ് ഭീഷണിപ്പെടുത്തിയത്. മധുവധക്കേസിലെ പ്രതികളുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് അബ്ബാസ്. അഗളി പൊലീസാണ് അബ്ബാസിനെതിരായ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് അബ്ബാസ് ഒളിവിൽ പോവുകയും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ ഇയാൾ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്ന് സുപ്രിംകോടതി കർശന നിർദ്ദേശം നൽകിയതിനെ തുടർന്ന് അബ്ബാസ് രണ്ടുദിവസം മുൻപാണ് മണ്ണാർക്കാട് എസ്.സി- എസ്.ടി കോടതിയിലെത്തി കീഴടങ്ങിയത്. രോഗിയാണെന്നും ജാമ്യം അനുവദിക്കണമെന്നും അബ്ബാസ് ആവശ്യപ്പെട്ടെങ്കിലും അമ്മ മല്ലിയുടെ വാദങ്ങൾ കണക്കിലെടുത്ത കോടതി ഇത് തള്ളുകയായിരുന്നു.

Similar Posts