
'രക്തസാക്ഷി ഫണ്ട് വെട്ടിച്ച മധുസൂദനന്‍ ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കരുത്'; വി.കുഞ്ഞികൃഷ്ണൻ
|പാര്‍ട്ടി നിലപാട് എന്തെന്ന് കണ്ടറിയണം
കണ്ണൂര്‍: സിപിഎമ്മിനും പയ്യന്നൂർ എംഎല്‍എ മധുസൂദനനുമെതിരെ വീണ്ടും ജില്ലാ കമ്മറ്റി അംഗം വി. കുഞ്ഞികൃഷ്ണന്‍. രക്തസാക്ഷി ഫണ്ട് വെട്ടിച്ച മധുസൂദനന്‍ ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് കുഞ്ഞികൃഷ്ണന്‍. കളങ്കിതര്‍ മത്സരിക്കരുത്. പാര്‍ട്ടി നിലപാട് എന്തെന്ന് കണ്ടറിയണം. തനിക്കെതിരെ ഫ്ലക്സ് വന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും കുഞ്ഞികൃഷ്ണന്‍ മീഡിയവണിനോട് പറഞ്ഞു.
അഞ്ച് വർഷം മുൻപ് ഉന്നയിച്ച ആരോപണങ്ങളിൽ നടപടി ഉണ്ടാകാത്തതിനാൽ ആണ് പരസ്യ പ്രതികരണം. തെരഞ്ഞെടുപ്പുമായി വെളിപ്പെടുത്തലിനെ കൂട്ടിക്കുഴക്കേണ്ട കാര്യമില്ല. വ്യക്തിപരമായി ആരുടെയും പേര് പരാമർശിക്കാൻ ഉദേശിച്ചിട്ടില്ല. മൂന്ന് പിരിവ് നടന്ന കാലത്ത് ഏരിയാ സെക്രട്ടറിയുടെ സ്ഥാനത്ത് ടി.ഐ മധുസൂദനൻ ആയിരുന്നു. സ്വാഭാവികമായി ഉത്തരവാദപ്പെട്ട ആളെന്ന നിലയിൽ മധുസൂദനൻ മറുപടി പറയേണ്ടി വരും. കൃത്യമായ വിവരങ്ങൾ ഇല്ലാതെ ധനാപഹരണം നടന്നിട്ടില്ലെന്ന് പാർട്ടി പറയുന്നത് എങ്ങിനെയാണെന്നും അദ്ദേഹം ചോദിച്ചു.
കണ്ണൂരില്‍ ധനരാജ് രക്തസാക്ഷിഫണ്ട് പാര്‍ട്ടി വകമാറ്റിയെന്നായിരുന്നു കുഞ്ഞിക്കൃഷ്ണന്‍റെ വെളിപ്പെടുത്തൽ. ടി.ഐ മധുസൂധനൻ എംഎൽഎയാണ് ഫണ്ട് തട്ടിയെടുത്തത്. പാര്‍ട്ടിനേതൃത്വത്തില്‍ ഒരു വിഭാഗം തെറ്റായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. തെറ്റ് ചെയ്തവരെ സംരക്ഷിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രിക്ക് എല്ലാം അറിയാമെന്നും കുഞ്ഞിക്കൃഷ്ണന്‍ ആരോപിച്ചിരുന്നു.