< Back
Kerala
പുതുസംഗീതത്തിന്റെ കടലലകളുമായി മാധ്യമം ആല്‍മരത്തണലില്‍ ഒരോണം
Kerala

പുതുസംഗീതത്തിന്റെ കടലലകളുമായി മാധ്യമം 'ആല്‍മരത്തണലില്‍ ഒരോണം'

Web Desk
|
3 Sept 2025 10:39 PM IST

സംസ്ഥാന സര്‍ക്കാറിന്റെ ഓണാഘോഷം 'മാവേലിക്കസ് 2025'ന്റെ ഭാഗമായാണ് കോഴിക്കോട് ബീച്ചില്‍ മാധ്യമം സംഗീത പരിപാടിയൊരുക്കിയത്

കോഴിക്കോട്: ന്യൂജന്‍ സംഗീതത്തിന്റെ കടല്‍ക്കാറ്റുവീശിയ സന്ധ്യയില്‍ കോഴിക്കോട് കടപ്പുറത്ത് മാവേലിക്കസ് ഓണാഘോഷം. മാധ്യമം ഒരുക്കിയ 'ആല്‍മരത്തണലില്‍ ഒരോണം' പരിപാടിയാണ് അറബിക്കടലോരത്ത് തടിച്ചുകൂടിയ യുവതക്ക് ആവേശം പകര്‍ന്നത്. കണ്ണങ്കണ്ടിയാണ് പരിപാടിയുടെ പ്രധാന പ്രായോജകര്‍. ആല്‍മരം ബാന്‍ഡിന്റെ യുവഗായകര്‍ സദസ്സിനെ ഇളക്കിമറിച്ച് പുതുസംഗീതത്തിന്റെ കടലലകള്‍ തീര്‍ത്തു.


ശ്രീരാഗമോ, പൊലിക പൊലിക പൊലി പൊലിക, ഓമല്‍ കണ്മണി ഇതിലെ വാ തുടങ്ങി മലയാളിയുടെ മനസ്സിലെ പ്രിയ ഗാനങ്ങള്‍ക്കൊപ്പം, ആല്‍മരത്തിന്റെ മാസ്റ്റര്‍ പീസുകളും തമിഴ് ഹിന്ദി ഗാനങ്ങളും നാടന്‍പാട്ടുകളും പാടിയാണ് യുവതയുടെ പ്രിയപ്പെട്ട ബാന്‍ഡ് വേദിയെ ഇളക്കിമറിച്ചത്. ഗാനങ്ങളുടെ തനിമ ചോരാതെ, സംഗീത പ്രേമികളുടെ മനസ്സ് കീഴടക്കി. ഒന്നൊന്നായ് കോര്‍ത്ത പാട്ടുകളിലൂടെ കലാലയങ്ങളില്‍ ബെഞ്ചില്‍ കൊട്ടിപ്പാടിയ പഴയകാല ഓര്‍മകളിലേക്ക് സദസ്സിനെ കൊണ്ടുപോയി. ശബ്ദവും വെളിച്ചവും സംഗീത വീചികളില്‍ നൃത്തമാടിയ രാവ്. സംസ്ഥാന സര്‍ക്കാറിന്റെ ഓണാഘോഷം 'മാവേലിക്കസ് 2025'ന്റെ ഭാഗമായാണ് കോഴിക്കോട് ബീച്ചില്‍ മാധ്യമം സംഗീത പരിപാടിയൊരുക്കിയത്.




ആല്‍മരം ബാന്‍ഡിലെ കലാകാരന്മാരായ ജയ് ബെന്നി, പ്രത്യൂഷ് നീലാങ്ങല്‍, ശ്രീജിഷ് സുബ്രഹ്മണ്യന്‍, റോഹിന്‍ നെല്ലാട്ട്, ശ്രീഹരികുമാര്‍, ലിജു സ്‌കറിയ, ടി.കെ. അന്‍ഷാദ്, സാരംഗ് രവിചന്ദ്രന്‍, പ്രണവ് ജാനകി, എന്‍. ശങ്കര്‍, ശെവഷ്ണവ എ.കെ. വിശ്വന്‍ എന്നിവരാണ് പാട്ടിന്റെ പുതുതാളം തീര്‍ത്തത്. 'പൂമരം പൂത്തുലഞ്ഞേ'എന്ന ഗാനം കൊട്ടിപ്പാടിക്കൊണ്ട് സംഗീത പ്രേമികളുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്ന സംഗീത കൂട്ടായ്മയാണ് 'ആല്‍മരം മ്യൂസിക് ബാന്‍ഡ്'. പാലക്കാട് ചെമ്പൈ മ്യൂസിക് കോളജിലെ പൂര്‍വ വിദ്യാര്‍ഥികളായ പതിനൊന്നോളം കലാകാരന്മാര്‍ അടങ്ങുന്നതാണ് ഈ സംഗീത കൂട്ടായ്മ.

Similar Posts