
രുചി മാസ്മരികതയായി ‘മാധ്യമം’ പായസപ്പെരുമ
|വിധികർത്താക്കൾ നിർദേശിച്ച നാലു ചേരുവകൾ ചേർത്ത് ലുലു ഹൈപ്പർമാർക്കറ്റിൽനിന്ന് സാധനങ്ങൾ വാങ്ങി തത്സമയം പാകം ചെയ്ത അവസാന റൗണ്ട് മത്സരം കാണികളെ ആവേശഭരിതരാക്കി
കോഴിക്കോട്: കോഴിക്കോടിന്റെ ഓണാഘോഷത്തിന് മാറ്റേകി മലയാളത്തനിമയുടെ സ്വാദിൽ വൈവിധ്യമാർന്ന ചേരുവകൾ ചേർത്ത് മാധ്യമം ‘ഡെസേർട്ട് മാസ്റ്റർ’ ലുലു ഹൈപ്പർമാർക്കറ്റുമായി ചേർന്ന് സംഘടിപ്പിച്ച ‘പായസപ്പെരുമ’ പായസമത്സരം കാണികൾക്ക് മധുനുകരും ഓർമയായി. മുൻകൂട്ടി പാകം ചെയ്തും ചേരുവകൾ വാങ്ങിക്കൂട്ടി തത്സമയം പാകം ചെയ്തും രുചിയുടെ മാസ്മരികവലയം തീർത്ത മത്സരത്തിൽ ബേപ്പൂർ സ്വദേശി സുനന്ദ സുനിൽ ഒന്നാം സ്ഥാനം നേടി.
പേരാമ്പ്ര സ്വദേശി കെ. സാജിത രണ്ടാം സ്ഥാനവും തിരുവനന്തപുരം സ്വദേശി മാത്യൂസ് അബ്രഹാം മൂന്നാം സ്ഥാനവും നേടി. തലശ്ശേരി സ്വദേശി ബേനസീർ നൗഷാദിനാണ് നാലാംസ്ഥാനം. രജിസ്റ്റർ ചെയ്ത ആയിരം പേരിൽനിന്ന് തിരഞ്ഞെടുത്ത 20 പേരാണ് രണ്ടുഘട്ടങ്ങളിലായി നടന്ന ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ചത്.
വിധികർത്താക്കൾ നിർദേശിച്ച നാലു ചേരുവകൾ ചേർത്ത് ലുലു ഹൈപ്പർമാർക്കറ്റിൽനിന്ന് സാധനങ്ങൾ വാങ്ങി തത്സമയം പാകം ചെയ്ത അവസാന റൗണ്ട് മത്സരം കാണികളെ ആവേശഭരിതരാക്കി. വാശിയേറിയ മത്സരശേഷം വിശിഷ്ടാതിഥിയായി എത്തിയ ഡെപ്യൂട്ടി കലക്ടർ ഗോപിക ഉദയൻ വിജയികളെ പ്രഖ്യാപിച്ചു. വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും മെമന്റോയും ഡെപ്യൂട്ടി കലക്ടർ വിതരണം ചെയ്തു.വിജയികൾക്ക് രണ്ടുലക്ഷം രൂപയുടെ സമ്മാനങ്ങൾ നൽകി.
മാധ്യമം കൺട്രി ഹെഡ് കെ. ജുനൈസ് സ്വർണകോയിൻ വിതരണം ചെയ്തു. വിജയികൾക്ക് ലുലു മാളിന്റെ ഉപഹാരം റീജനൽ മാനേജർ ഷെരീഫ് സെയ്തും ലുലു കോഴിക്കോട് മാനേജർ അരുൺദാസും വിതരണം ചെയ്തു. അസ ലാബ് സി.ഇ.ഒ കെ. സഈം അബ്ദുല്ല അസ ലാബിന്റെയും കണ്ണങ്കണ്ടിയുടെയും ഗിഫ്റ്റ് വൗച്ചറുകൾ വിതരണം ചെയ്തു.
റീജനൽ മാനേജർ ഷെരീഫ് സെയ്ത്, മിൽമ എസ്.ഒ ശ്രീകുമാർ, അസ ലാബ് സി.ഇ.ഒ കെ. സഈം അബ്ദുല്ല, നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട് അഡ്മിനിസ്ട്രേറ്റിവ് ഹെഡ് പി.എസ്. ഷിഹാബ് എന്നിവർക്കുള്ള ഉപഹാരം ഡെപ്യൂട്ടി കലക്ടർ കൈമാറി. വിജയികൾക്കുള്ള മാധ്യമത്തിന്റെ ഉപഹാരം കോഴിക്കോട് റീജനൽ മാനേജർ ടി.സി. റഷീദ് വിതരണം ചെയ്തു.