< Back
Kerala
മധുര-ബോഡി നായ്ക്കന്നൂർ റെയിൽപാത; പ്രതീക്ഷയോടെ ഇടുക്കിയിലെ മലയോരജനത
Kerala

മധുര-ബോഡി നായ്ക്കന്നൂർ റെയിൽപാത; പ്രതീക്ഷയോടെ ഇടുക്കിയിലെ മലയോരജനത

Web Desk
|
19 April 2022 8:11 AM IST

വ്യാപാര വാണിജ്യ ടൂറിസം മേഖലകൾക്ക് കരുത്തേകും

ഇടുക്കി: തീവണ്ടിയുടെ ചൂളം വിളി സ്വന്തം നാട്ടിലെത്തിയില്ലെങ്കിലും അയൽപക്കത്തെത്തിയതിന്റെ സന്തോഷത്തിലാണ് ഇടുക്കിയിലെ മലയോരജനത. മധുര -ബോഡിനായ്ക്കന്നൂർ റെയിൽപാതയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഇടുക്കിയുടെ വ്യാപാര വാണിജ്യ ടൂറിസം സാധ്യതകൾക്ക് പ്രതീക്ഷയേറും. കേരളത്തിൽ നിന്നും സുഗന്ധ വ്യഞ്ജനങ്ങൾ കൊണ്ടുപോകുന്നതിനായി ബ്രിട്ടീഷുകാർ നിർമ്മിച്ച മധുര ബോഡിനായ്ക്കന്നൂർ മീറ്റർ ഗേജ് പാതയാണ് ബ്രോഡ്‌ഗേജിലേക്ക് മാറ്റുന്നത്.

450 കോടി മുതൽ മുടക്കിൽ ഈ വർഷം അവസാനത്തോടെ പാതയുടെ നിർമ്മാണം പൂർത്തിയാക്കുമെന്നാണ് തമിഴ്‌നാട് സർക്കാരിന്റെ ഉറപ്പ്. തേനി വരെയുള്ള നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി.തേനി മുതൽ ബോഡിനായ്ക്കന്നൂർ വരെയുള്ള 17 കിലോ മീറ്റർ പാത കൂടി പൂർത്തിയായാൽ ഇടുക്കിക്ക് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.

കേരളാ തമിഴ്‌നാട് അതിർത്തിയായ കുമളിയിൽ നിന്നും 73 കിലോമീറ്റർ സഞ്ചരിച്ചാൽ ബോഡി നായ്ക്കന്നൂരിലെത്താം. ഹൈറേഞ്ചിലെ വിവിധ പട്ടണങ്ങളിൽ നിന്ന് കോട്ടയം,എറണാകുളം റെയിൽവേസ്റ്റേഷനുകളിലേക്കുള്ള ദൂരത്തേക്കാൾ കുറവാണ് ബോഡി നായ്ക്കന്നൂരിലേക്കെന്നതും ശ്രദ്ധേയമാണ്.2009 ൽ ആസൂത്രണക്കമ്മീഷൻ അംഗീകാരം ലഭിച്ച ദിണ്ടിഗൽ കുമളി പാത യാഥാർത്യമാക്കണമെന്ന ആവശ്യവും ശക്തമാണ്.

റെയിൽവേയെത്താത്ത ഇടുക്കിക്ക് രണ്ട് സ്റ്റേഷനനുവദിക്കുന്ന സ്വപ്ന പദ്ധതിയായിരുന്നു അങ്കമാലി ശബരി പാത.എന്നാൽ പദ്ധതി പാതി വഴിയിൽ നിലച്ചതോടെ ഏറെ പ്രതീക്ഷയോടെയാണ് മധുര ബോഡി നായ്ക്കന്നൂർ റെയിൽപാതയെ മലയോര ജനത നോക്കിക്കാണുന്നത്.

Similar Posts