< Back
Kerala
ന്യൂമാഹി ഇരട്ടക്കൊല; കൊടി സുനിയടക്കം 14 പ്രതികളെ വെറുതെവിട്ടു

Representational Image

Kerala

ന്യൂമാഹി ഇരട്ടക്കൊല; കൊടി സുനിയടക്കം 14 പ്രതികളെ വെറുതെവിട്ടു

Web Desk
|
8 Oct 2025 11:24 AM IST

തലശ്ശേരി അഡീഷണൽ ജില്ല സെഷൻസ് കോടതിയുടെതാണ് വിധി

കണ്ണൂര്‍: ന്യൂമാഹിയിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരെ ബൈക്ക് തടഞ്ഞുനിർത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൊടി സുനിയടക്കം മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. 14 പ്രതികളെയാണ് വെറുതെവിട്ടത്. തലശ്ശേരി അഡീഷണൽ ജില്ല സെഷൻസ് കോടതിയുടെതാണ് വിധി. തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.

മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർ ഉൾപ്പെടെ 16 സിപിഎം പ്രവർത്തകരാണ് കേസിലെ പ്രതികൾ.2010 മേയ് 28ന് രാവിലെ 11ന് ന്യൂമാഹി പെരിങ്ങാടി റോഡിൽ കല്ലായിയിൽ വെച്ചാണ് കൊലപാതകം. മാഹി കോടതിയിൽ ഹാജരായി തിരിച്ചു വരുമ്പോൾ ബൈക്ക് തടഞ്ഞുനിർത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

ജനുവരി 22നാണ് കേസിന്‍റെ വിചാരണ തുടങ്ങുന്നത്. കൊല്ലപ്പെട്ട ഷിനോജിന്റെ പൊലീസ് സ്‌റ്റേഷനിലുള്ള ബൈക്ക് വിചാരണ തുടങ്ങിയ ദിവസം കോടതിയിൽ ഹാജരാക്കി. വിചാരണ തുടങ്ങുമ്പോൾ കൊടി സുനി പരോളിലായിരുന്നു. കോഴിക്കോട്, കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് പരോൾ അനുവദിച്ചത്. കോടതി അനുമതിയോടെയാണ് സുനി വിചാരണക്ക് ഹാജരായത്.

ജൂലൈയിൽ സാക്ഷി വിസ്താരം പൂർത്തിയായി. മാഹി കോടതി ശിരസ്താർ ഉൾപ്പെടെ 44 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 63 തൊണ്ടിമുതലും 140 രേഖകളും ഹാജരാക്കി. പ്രതിഭാഗം രണ്ടുസാക്ഷികളെ വിസ്തരിച്ചു. കേസിന്റെ വാദപ്രതിവാദം 14 ദിവസം നീണ്ടു. ഈസ്റ്റ് പള്ളൂർ പൂശാരിക്കോവിലിന് സമീപം മടോമ്മൽക്കണ്ടി വിജിത്ത് (28), കുറുന്തോടത്ത് ഹൗസിൽ ഷിനോജ് (29) എന്നിവരാണ് കൊല്ലപ്പെട്ടത്. വിജിത്തിന്റെ അമ്മ രാജമ്മ ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുകയായിരുന്നു.



Similar Posts