< Back
Kerala
കൊടുവള്ളി നഗരസഭയിൽ വോട്ടർപട്ടികയിൽ വൻ ക്രമക്കേട്; പട്ടികയിൽ പേരില്ലെന്നാരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം
Kerala

കൊടുവള്ളി നഗരസഭയിൽ വോട്ടർപട്ടികയിൽ വൻ ക്രമക്കേട്; പട്ടികയിൽ പേരില്ലെന്നാരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം

Web Desk
|
2 Nov 2025 11:32 AM IST

നേരത്തെ, കൊടുവള്ളി ന​ഗരസഭ പരിധിയിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതായി മുസ്ലിം ലീ​ഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റർ ആരോപിച്ചിരുന്നു

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി നഗരസഭയിൽ വോട്ടർ പട്ടികയിൽ വൻ ക്രമക്കേട്. വോട്ട് ചേർത്തതിന്റേയോ മാറ്റിയതിന്റെയോ രേഖകളില്ലെന്ന് നഗരസഭാ അസി.സെക്രട്ടറിയുടെ കത്ത്. മുപ്പത്തിയേഴ് വാർഡുകളിലെ രേഖകളോ നോട്ടീസോ ഓഫീസിലില്ല. വോട്ടർ പട്ടികയിൽ പേരില്ലെന്നാരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം.

നിയപരമായ നടപടികളൊന്നും തന്നെ പാലിക്കാതെയാണ് വോട്ടർ പട്ടികയിലെ രേഖകൾ കൈകാര്യം ചെയ്തതെന്നാണ് പ്രാഥമികമായ വിവരം. തങ്ങളുടെ വോട്ടുകൾ എവിടെയെന്ന് ചോദിച്ച് നിരവധി പേരാണ് പ്രതിഷേധിക്കുന്നത്. ന​ഗരസഭയുടെ പരിധിയിൽ വരുന്ന നിരവധിയാളുകളുടെ വോട്ടുകൾ കൂട്ടത്തോടെ മാറ്റിയതാണ് രേഖകൾ കാണായതിന് പിന്നിലെന്നാണ് നാട്ടുകാരുടെ ആരോപണം. ഇത്തരത്തിൽ നിരവധിയാളുകളെ കൂട്ടത്തോടെ വോട്ട് മാറ്റുമ്പോൾ സ്വാഭാവികമായും ഇവരുടെ രേഖകൾ സൂക്ഷിക്കാൻ ന​ഗരസഭയ്ക്ക് നിയമപരമായി ബാധ്യതയുണ്ട്. ഇത് പാലിക്കാതെയാണ് ന​ഗരസഭയിലെ അധികൃതർ നടപടിയെടുത്തിരിക്കുന്നത്.

നേരത്തെ, കൊടുവള്ളി ന​ഗരസഭ പരിധിയിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതായി മുസ്ലിം ലീ​ഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റർ ആരോപിച്ചിരുന്നു. യുഡിഎഫ് സ്വാധീനമുള്ള ഡിവിഷനിലേക്ക് കൂടുതൽ വോട്ടുകൾ ചേർത്തെന്നാണ് ആരോപണം. 26ാം ഡിവിഷനിൽ നിന്ന് 329 വോട്ടർമാരെ 28ാം ഡിവിഷനിലേക്ക് മാറ്റി. ഇതോടെ 26 ഡിവിഷനിൽ വോട്ടർമാരുടെ എണ്ണം 700 ആയി കുറഞ്ഞു. ഇവിടെ വോട്ടർമാരെ കുറച്ച് ജയിക്കാമെന്ന് എൽഡിഎഫ് കണക്കാക്കുന്നുവെന്നും റസാഖ് മാസ്റ്റർ പറഞ്ഞു.

Similar Posts