< Back
Kerala
Major Ravi Nominated as BJP State Vice President,
Kerala

മേജർ രവി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ; മുൻ കോൺഗ്രസ് നേതാവ് സി.രഘുനാഥ് ‌ദേശീയ കൗൺസിലിലേക്ക്

Web Desk
|
26 Dec 2023 3:01 PM IST

കഴിഞ്ഞ ദിവസമാണ് മേജർ രവിയും സി. രഘുനാഥും ബിജെപിയിൽ ചേർന്നത്.

തിരുവനന്തപുരം: സംവിധായകനും നടനുമായ മേജർ രവി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ. കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്ന സി. രഘുനാഥിനെ ദേശീയ കൗൺസിലിലേക്കും നാമനിർദേശം ചെയ്തു. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് ഇരുവരെയും നാമനിർദേശം ചെയ്തത്.

കഴിഞ്ഞ ദിവസമാണ് മേജർ രവിയും സി. രഘുനാഥും ബിജെപിയിൽ ചേർന്നത്. ന്യൂഡൽഹിൽ വച്ച് ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയാണ് ഇരുവർക്കും അംഗത്വം നൽകിയത്. ഇതിനു പിന്നാലെയാണ് ഇരുവർക്കും പ്രധാനപ്പെട്ട പദവികൾ നൽകിയത് .

കണ്ണൂർ ഡി.സി.സി മുൻ സെക്രട്ടറിയായിരുന്ന സി. രഘുനാഥ് ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ചയാളാണ്. കോൺഗ്രസ് നേതൃത്വത്തിന്‍റെ ഭാഗത്തുനിന്ന് അവഗണന നേരിടേണ്ടിവന്നുവെന്ന് ചൂണ്ടിക്കാട്ടി ഈ മാസം ആദ്യമാണ് രഘുനാഥ് പാർട്ടി വിട്ടത്. തുടർന്നാണ് ബിജെപിയിൽ ചേർന്നത്.

കെപിസിസി അധ്യക്ഷനായ കെ. സുധാകരനുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് സി. രഘുനാഥ്. അതേസമയം, അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ‍ മേജർ രവി ഏതെങ്കിലും മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർഥിയാവുമെന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്.

ഈ മാസം ആദ്യം നടന്‍ ദേവനെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിനിമ രംഗത്തുനിന്നെത്തിയ മേജർ രവിയെയും ഉപാധ്യക്ഷനാക്കുന്നത്. നേരത്തെ, കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ച ദേവന്‍ പിന്നീട് ബിജെപിയില്‍ ലയിക്കുകയായിരുന്നു.

Similar Posts