< Back
Kerala
soubin shahir
Kerala

മഞ്ഞുമ്മൽ ബോയ്സ് കലക്ഷന്‍ 242 കോടി; പറവ ഫിലിംസ് കമ്പനി നികുതി വെട്ടിപ്പ് നടത്തിയെന്ന് ഐടി വകുപ്പ്

Web Desk
|
29 Nov 2024 11:55 AM IST

കമ്പനിയുടെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് ദുരൂഹതയുണ്ടെന്നും ആദായനികുതി വകുപ്പ് സംശയിക്കുന്നു

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ കലക്ഷന് ആനുപാതികമായി നികുതി അടച്ചിട്ടില്ലെന്ന് ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തൽ. പറവ ഫിലിംസ് കമ്പനിയുടെ ഓഫീസിൽ നടത്തിയ റെയ്ഡിലാണ് കണ്ടെത്തൽ . 242 കോടിയുടെ കലക്ഷനാണ് മഞ്ഞുമ്മൽ ബോയ്സ് നേടിയത് . കമ്പനിയുടെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് ദുരൂഹതയുണ്ടെന്നും ആദായനികുതി വകുപ്പ് സംശയിക്കുന്നു. ഇന്നലെയാണ് നടൻ സൗബിൻ ഷാഹിറിന്‍റെ വീട്ടിലും ഓഫീസുകളിലും റെയ്ഡ് നടന്നത്.

അതേസമയം സൗബിനെ ഐടി വകുപ്പ് ചോദ്യം ചെയ്യും. വീട്ടിലെയും ഓഫീസുകളിലെയും പരിശോധനയിൽ പിടിച്ചെടുത്ത രേഖകൾ വിശദമായി പരിശോധിച്ച ശേഷം നോട്ടീസ് നൽകാനാണ് നീക്കം. ഇന്നലെയാണ് പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള ഇടങ്ങളിൽ ഐടി റെയ്ഡ് നടത്തിയത്.

ഇന്നലെ അര്‍ധരാത്രിയോടെയാണ് റെയ്ഡ് അവസാനിച്ചത്. പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകൾ, നികുതി വെട്ടിപ്പ് സംബന്ധിച്ച പരാതികൾ എന്നിവയിലാണ് പരിശോധന.മഞ്ഞുമ്മൽ സിനിമയുടെ നിർമാണത്തിന്‍റെ മറവിൽ നടന്ന കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ട്. നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, നിർമാതാവ് ഷോൺ ആന്‍റണി അടക്കമുള്ളവരെ ഇഡി ചോദ്യം ചെയ്തിരുന്നു.



Similar Posts