< Back
Kerala
മലപ്പുറം വർഗീയതയുടെ ഹബ് ആയാണ് സംഘപരിവാറിനെ പോലെ കമ്യൂണിസ്റ്റുകളും പ്രചരിപ്പിക്കുന്നത് - നാസർ ഫൈസി കൂടത്തായി
Kerala

മലപ്പുറം വർഗീയതയുടെ ഹബ് ആയാണ് സംഘപരിവാറിനെ പോലെ കമ്യൂണിസ്റ്റുകളും പ്രചരിപ്പിക്കുന്നത് - നാസർ ഫൈസി കൂടത്തായി

Web Desk
|
10 July 2025 11:10 AM IST

മലപ്പുറത്തിനെതിരെ വര്‍ഗീയവിഷം ചീറ്റിയ വെള്ളാപ്പള്ളിയെ പിറ്റേന്ന് വാഴ്ത്തിപ്പറഞ്ഞത് പിണറായി വിജയനാണെന്നും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലും കമ്മ്യൂണിസത്തിന്റെ കമ്മ്യൂണലിസം നൃത്തമാടിയെന്നും നാസർ ഫൈസി കൂടത്തായി

കോഴിക്കോട്: മലപ്പുറം വർഗീയതയുടെ ഹബ് ആയാണ് സംഘപരിവാറിനെ പോലെ കമ്യൂണിസ്റ്റുകളും പ്രചരിപ്പിക്കുന്നതെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. മലപ്പുറത്തിനെതിരെ വര്‍ഗീയവിഷം ചീറ്റിയ വെള്ളാപ്പള്ളിയെ പിറ്റേന്ന് വാഴ്ത്തിപ്പറഞ്ഞത് പിണറായി വിജയനാണെന്നും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലും കമ്മ്യൂണിസത്തിന്റെ കമ്മ്യൂണലിസം നൃത്തമാടിയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ നാസർ ഫൈസി കൂടത്തായി പറഞ്ഞു.

'ഇന്ത്യന്‍ മതേതരത്വമെന്ന വാക്ക് മതരഹിതമോ മതനിരാസമോ അല്ല. പ്രത്യുത, പ്രത്യേക മതമില്ലെങ്കിലും എല്ലാ മതവും സഹിതമായതാണെന്നു തിരിച്ചറിയാത്തവരാണ് കേരള കമ്മ്യൂണിസ്റ്റുകള്‍. അതുകൊണ്ടാണവര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപ്രാര്‍ത്ഥന ഒഴിവാക്കുമെന്നും അക്കാദമിക് വിഷയങ്ങളില്‍ മതമിടപെടേണ്ടെന്നും അധികാരസിംഹാസനത്തിലിരുന്ന് ഇടയ്ക്കിടെ 'തിരുവരുള്‍' ചെയ്യുന്നത്. മതേതരത്വമെന്ന സ്റ്റിക്കര്‍ പതിച്ചിറങ്ങിയവര്‍ മതവിരുദ്ധതയുടെ കൊടുമുടിയിലെത്തിയപ്പോള്‍ അത് ഇസ്‌ലാമോഫോബിയയായി രൂപപ്പെട്ടിരിക്കുന്നു.' ഫൈസി എഴുതി.

സൂബ വിവാദത്തിന്റെ സമയത്തും കമ്മ്യൂണിസ്റ്റ് നേതാക്കൾ മുസ്ലിം വിരുദ്ധത പ്രകടപ്പിച്ചതിന്റെ ഉദാഹരണങ്ങൾ ഫൈസി പോസ്റ്റിൽ ചൂണ്ടികാണിക്കുന്നു. 'സൂംബാ വിവാദത്തില്‍ ചാനലിലിരുന്ന് കമ്മ്യൂണിസ്റ്റ് നേതാവ് ഡോ. പ്രേംകുമാര്‍ ചോദിച്ചത് ''മുസ്‌ലിം വിശ്വാസികള്‍ക്ക് ഭൂമി പരന്നതല്ലേ?'' എന്നും സ: അരുണ്‍ കുമാര്‍ ചോദിച്ചത് ''മുസ്‌ലിം വിശ്വാസത്തില്‍ ഭൂമി ഉരുണ്ടതോ പരന്നതോ?'' എന്നുമാണ്.' ഖുര്‍ആനില്‍ തന്നെ ഭൂമി ഉരുണ്ടതാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ഫൈസി പോസ്റ്റിൽ പറയുന്നു.

1999 മാര്‍ച്ച് 23-ന് വണ്ടൂര്‍ എംഎല്‍എ ആയിരുന്ന സിപിഎം പ്രതിനിധി സ:കണ്ണൻ മലപ്പുറത്തെ കുറിച്ച് നിയമസഭയില്‍ പറഞ്ഞ കളവുകളെ കുറിച്ചും നാസർ ഫൈസി പോസ്റ്റിൽ സൂചിപ്പിക്കുന്നു. 'ക്രിസ്ത്യാനികള്‍ ക്രിസ്തുമസ് ആഘോഷിക്കുന്ന സമയത്ത് അവരുടെ വീടുകളില്‍ പ്രകാശിപ്പിച്ചിരിക്കുന്ന നക്ഷത്രവിളക്കുകള്‍ മുസ്‌ലിം കടകളില്‍ വില്‍ക്കാന്‍ പാടില്ല. ശബരിമലയ്ക്കു പോകുന്ന ഹിന്ദുക്കള്‍ ധരിക്കുന്ന കറുത്ത തുണി മുസ്‌ലിം കടകളില്‍ വില്‍ക്കാന്‍ പാടില്ല എന്നുള്ള ശാസനയാണ് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്' എന്നു തുടങ്ങി നട്ടാല്‍ മുളയ്ക്കാത്ത കളവുകളാണ് മലപ്പുറം ജില്ലയില്‍ നടക്കുന്നതായി അവതരിപ്പിച്ചതെന്ന് ഫൈസി കൂട്ടിച്ചേർത്തു.

Similar Posts