< Back
Kerala
വാഴക്കാട് 17കാരിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; സിബിഐ അന്വേഷിക്കണമെന്ന് കുടുംബം
Kerala

വാഴക്കാട് 17കാരിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; സിബിഐ അന്വേഷിക്കണമെന്ന് കുടുംബം

Web Desk
|
1 Sept 2024 10:12 AM IST

പ്രതിക്ക് പിറകിൽ ഒരു സംഘം പ്രവർത്തിക്കുന്നതായി കുടുംബം

വാഴക്കാട്: മലപ്പുറം വാഴക്കാട് ചാലിയാറിൽ 17കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന് പെൺകുട്ടിയുടെ കുടുംബം. നിലവിൽ ക്രൈംബ്രാഞ്ച് കൊലപാതക സാധ്യത അന്വേഷിക്കുന്നില്ലെന്നും പ്രതിക്ക് പിറകിൽ ഒരു സംഘം പ്രവർത്തിക്കുന്നതായും കുടുംബം ആരോപിച്ചു.

ഫെബ്രുവരി 19നാണ് വാഴക്കാട് എടവണ്ണപ്പാറ സ്വദേശിനിയായ 17 കാരിയെ വീടിനു സമീപം ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ മരണം കൊലപാതകമാണെന്ന് കുടുംബം നേരത്തെ തന്നെ ആരോപിച്ചിരുന്നു. പെൺകുട്ടിയെ കരാട്ടെ പഠിപ്പിച്ചിരുന്നയാൾ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായി പരാതി ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട നിയമനടപടികൾ സ്വീകരിക്കാൻ ഇരിക്കെയാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും ആയിരുന്നു കേസ് അന്വേഷിച്ചിരുന്നത്. എന്നാൽ നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നാണ് കുടുംബം പറയുന്നത്.

പലസത്യങ്ങളും മറച്ചുവെച്ചാണ് ലോക്കൽ പൊലീസ് അന്വേഷണം നടത്തിയത്. ഇത് വിഷമം ഉണ്ടാക്കി. ആറുമാസത്തോളമായ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണവും അതേ രീതിയിൽ തന്നെയാണ് മുന്നോട്ടുപോകുന്നതെന്നും കുടുംബം ആരോപിച്ചു. കേസ് സിബിഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട്. അനുകൂല നടപടി പ്രതീക്ഷിക്കുന്നതായി അവർ പറഞ്ഞു .

കരാട്ടയുടെ മറവിൽ നിരവധി പെൺകുട്ടികളെ വർഷങ്ങളായി പ്രതി സിദീഖ് ദുരുപയോഗം ചെയ്തിരുന്നതായും. ഇയാൾക്ക് പിന്നിൽ ഒരു സംഘം ഉണ്ടെന്നും കുടുംബം ആരോപിക്കുന്നുണ്ട്. രണ്ടുവർഷം മുമ്പ് പ്രതിക്കെതിരെ പരാതി നൽകിയ കുട്ടിയെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചിരുന്നതായും. ഇയാൾക്കെതിരെ പരാതി പറഞ്ഞതാണ് തങ്ങളുടെ മകളുടെ മരണത്തിന് കാരണമെന്നും കുടുംബം അറിയിച്ചു.

Similar Posts