< Back
Kerala
ചെങ്കടലിലെ കപ്പൽ ആക്രമണം: യെമന്‍ തടഞ്ഞുവച്ച മലയാളി അനിൽകുമാർ രവീന്ദ്രനെ മോചിപ്പിച്ചു
Kerala

ചെങ്കടലിലെ കപ്പൽ ആക്രമണം: യെമന്‍ തടഞ്ഞുവച്ച മലയാളി അനിൽകുമാർ രവീന്ദ്രനെ മോചിപ്പിച്ചു

Web Desk
|
4 Dec 2025 12:18 PM IST

ഉടൻ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു

ന്യൂഡൽഹി: സമുദ്ര നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് യെമന്‍ തടഞ്ഞുവച്ച മലയാളിയായ അനിൽകുമാർ രവീന്ദ്രനെ മോചിപ്പിച്ചു. ആലപ്പുഴ കായംകുളം സ്വദേശിയാണ്. അനിൽകുമാർ രവീന്ദ്രനെ മസ്കറ്റിൽ എത്തിച്ചു. ഉടൻ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

മോചനത്തിന് വേണ്ടിയുള്ള ഇടപടലിന് ഒമാൻ സുൽത്താന് ഇന്ത്യ നന്ദി അറിയിച്ചു. ചെങ്കടലിൽ ഹൂതി വിമതരുടെ ആക്രമണത്തിൽ തകർന്ന ചരക്ക് കപ്പലിലെ അംഗമായിരുന്നു അനിൽകുമാർ രവീന്ദ്രൻ. കപ്പപ്പിലെ മറ്റ് 10 പേരെയും മോചിപ്പിച്ചു.

താന്‍ യെമനിലുണ്ടെന്ന് അനിൽ കുമാർ കുടുംബത്തെ അറിയിച്ചിരുന്നു. എന്നാല്‍ മറ്റ് കാര്യങ്ങളൊന്നും പറയാതെ വേഗത്തില്‍ ഫോണ്‍ വെച്ചെന്നും കുടുംബം പറഞ്ഞിരുന്നു. കപ്പലിൽ ഉണ്ടായിരുന്ന കന്യാകുമാരി സ്വദേശി അഗസ്റ്റിൻ രക്ഷപ്പെട്ട് നാട്ടിലെത്തുകയും ചെയ്തിരുന്നു. ഇദ്ദേഹത്തെ കാണാന്‍ അനില്‍കുമാറിന്‍റെ ഭാര്യ ശ്രീജ കന്യാകുമാരിയിലെത്തിയിരുന്നു. ഗ്രീക്ക് കമ്പനിയു‌ടെ ലൈബീരിയന്‍‌ റജിസ്ട്രേഷനുള്ള 'ഏറ്റേണിറ്റി സി' എന്ന കപ്പലാണ് ആക്രമണത്തിന് ഇരയായത്. രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ 30 ഓളം ജീവനക്കാർ ആയിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്.

കപ്പലിൽ ഉണ്ടായിരുന്ന തമിഴ്നാട് സ്വദേശി ഉൾപ്പെടെ ആറുപേരെ യൂറോപ്യൻ നാവികസേന രക്ഷപ്പെടുത്തിയിരുന്നു. ഹൂതികളുടെ മിസൈൽ ആക്രമണത്തിൽ മൂന്നുപേർ കപ്പലിൽ വച്ച് തന്നെ മരണപ്പെട്ടിരുന്നു. സമീപകാലത്ത് ചെങ്കടലില്‍ ഹൂതികള്‍ നടത്തിയ ഏറ്റവും വലിയ ആക്രമണങ്ങളില്‍ ഒന്നായാണ് ഏറ്റേണിറ്റി-സിക്കെതിരെയുള്ള ആക്രമണത്തെ കരുതുന്നത്.

Similar Posts