< Back
Kerala

Kerala
സുഹൃത്തിന്റെ ഭാര്യയെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു; പെട്രോൾ പമ്പ് ജീവനക്കാർക്ക് ക്രൂരമർദനം
|17 Dec 2023 4:28 PM IST
കാലടി സ്വദേശിയായ ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്
കൊച്ചി: മലയാറ്റൂരിൽ പെട്രോൾ പമ്പ് ജീവനക്കാർക്ക് മൂന്നംഗ സംഘത്തിന്റെ ക്രൂരമർദനം. സുഹൃത്തിന്റെ ഭാര്യയെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിന്റെ വൈരാഗ്യത്തിലാണ് അതിക്രമമെന്നാണ് വിവരം. സംഭവത്തിൽ മൂന്ന് പേർക്കെതിരെ കാലടി പൊലീസ് കേസെടുത്തു.
കാലടി സ്വദേശിയായ ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തുടക്കത്തിൽ പമ്പ് മാനേജരെ മർദിച്ച സംഘം പിന്നീട് ജീവനക്കാരെയും മർദിക്കുകയായിരുന്നു. ജീവനക്കാർ പ്രതിരോധിച്ചതോടെ വലിയ സംഘർഷവും ഉടലെടുത്തു. സംഘം പമ്പിലെത്തി യാതൊരു പ്രകോപനവുമില്ലാതെ ജീവനക്കാർക്ക് നേരെ തട്ടിക്കയറുന്നതായി സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ കാണാം.
ഐപിസി 323, 294 അടക്കമുള്ള വകുപ്പുകളാണ് അക്രമികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവർ ഒളിവിലാണെന്നാണ് വിവരം.