
ആശാ സമരത്തെ പിന്തുണച്ചതിന് മല്ലിക സാരാഭായിക്ക് അഭിപ്രായ വിലക്ക്
|അഭിപ്രായം പറയുന്നത് എന്‍റെ ജീവിതത്തില്‍ ഉടനീളമുള്ള ശീലമാണ്, ഞാന്‍ ഞാനല്ലാതാകണോ? എന്ന് മല്ലിക എഫ്ബി പോസ്റ്റില്‍ ചോദിക്കുന്നു.
തൃശൂര്‍: ആശ സമരത്തെ പിന്തുണച്ചതുമായി ബന്ധപ്പെട്ട് തനിക്ക് വിലക്ക് നേരിട്ടതായി കേരള കലാമണ്ഡലം ചാന്‍സലര്‍ മല്ലിക സാരാഭായ്. സാമൂഹ്യമാധ്യമ കുറിപ്പിലൂടെയാണ് മല്ലിക സാരാഭായ് ഇക്കാര്യം വ്യക്തമാക്കിയത്.
ആശാ പ്രവര്‍ത്തകരെ പിന്തുണയ്ക്കുന്ന സാംസ്കാരികപ്രവര്‍ത്തകരുടെ കൂട്ടായ്മ ഇന്ന് തൃശൂരില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് മല്ലിക സാരാഭായിക്ക് അഭിപ്രായവിലക്ക്. ആരാണ് വിലക്കിയതെന്ന് വ്യക്തമാക്കിയില്ലെങ്കിലും കടുത്ത അതൃപ്തി പ്രകടമാക്കി മല്ലിക ഫെയ്സ്ബുക് പോസ്റ്റിട്ടു.
അഭിപ്രായം പറയുന്നത് എന്‍റെ ജീവിതത്തില്‍ ഉടനീളമുള്ള ശീലമാണ്, ഞാന്‍ ഞാനല്ലാതാകണോ? എന്ന് മല്ലിക ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ ചോദിക്കുന്നു. അതേസമയം തൃശ്ശൂരിൽ നടക്കുന്ന ആശമാരുടെ സമരത്തിൽ പങ്കെടുക്കും എന്ന് തന്നെയാണ് മല്ലിക സാരാഭായി അറിയിച്ചിട്ടുള്ളതെന്ന് പ്രൊഫസർ കുസുമം ജോസഫ് പറഞ്ഞു.
അതേസമയം ആശവർക്കാർ അനിശ്ചിതകാലമായി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. എന്നാൽ, സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തിൽ നിന്നും പൂർണമായും പിന്മാറില്ലെന്നും ആശ വർക്കർമാർ അറിയിച്ചു. സർക്കാർ പൊള്ളയായ അവകാശവാദങ്ങൾ നിരത്തി യാത്ര നടത്തുമ്പോൾ യഥാർഥ വസ്തുതകൾ തുറന്നു കാണിക്കാൻ സമരയാത്ര നടത്തുമെന്ന് ആശാ വർക്കാർ അറിയിച്ചിരുന്നു. കാസർകോട് നിന്ന് തിരുവനന്തപുരം വരെയാണ് സമരയാത്ര.