
മല്ലികാർജുൻ ഖാർഗെ Photo: MediaOne
'മീറ്റിങ്ങിൽ കെ.സുധാകരൻ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്... അത് പുറത്ത് പറയാൻ കഴിയില്ല'; ഖാർഗെ
|പാർട്ടിയിൽ അനൈക്യമുണ്ടെന്നും മുതിർന്ന നേതാക്കളാണ് അതിന് തുടക്കമിടുന്നതെന്നും തുറന്നടിച്ച് കെ.സുധാകരൻ പ്രസ്താവന നടത്തിയിരുന്നു
ന്യൂഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ കൂടിക്കാഴ്ചയിൽ കെ.സുധാകരൻ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നും അത് മാധ്യമങ്ങളോട് പറയാനാവില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തെരഞ്ഞെടുപ്പിന് മുമ്പായി പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. വിജയത്തിനായി അനിവാര്യമാണെന്ന് അവർ നിർദേശിക്കുന്ന കാര്യങ്ങളെല്ലാം നടപ്പിലാക്കുമെന്നും ഖാർഗെ പറഞ്ഞു.
'തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഡൽഹിയിൽ ഇന്ന് ചേർന്ന യോഗത്തിന് ശേഷമാണ് ഖാർഗെയുടെ പ്രതികരണം. തെരഞ്ഞെടുപ്പിന് പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അവരുടെ അഭിപ്രായങ്ങൾക്ക് വലിയ വിലയുണ്ട്. തെരഞ്ഞെടുപ്പ് വിജയത്തിനായി അനിവാര്യമെന്ന് അവർ നിർദേശിക്കുന്നതെല്ലാം നടപ്പിലാക്കും. നൂറ് ശതമാനം വിജയം നേടുമെന്ന കാര്യത്തിൽ സംശയമില്ല.' ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു.
'കേരളത്തിലെ നേതാക്കൾക്കിടയിൽ അനൈക്യമുണ്ടെന്ന സുധാകരന്റെ പ്രതികരണത്തെ കുറിച്ചും അദ്ദേഹം പ്രതികരിക്കുകയുണ്ടായി. സുധാകരൻ നിങ്ങളോട് ചിലത് പറഞ്ഞിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. വേറെയും ചില കാര്യങ്ങൾ സുധാകരൻ മീറ്റിങ്ങിൽ പറഞ്ഞിരുന്നു. എന്നാൽ, അതൊന്നും നിലവിൽ പുറത്ത് പറയാനാവില്ല'. ഖാർഗെ കൂട്ടിച്ചേർത്തു.
നേരത്തെ, പാർട്ടിയിൽ അനൈക്യമുണ്ടെന്നും മുതിർന്ന നേതാക്കളാണ് അതിന് തുടക്കമിടുന്നതെന്നും തുറന്നടിച്ച് കെ.സുധാകരൻ പ്രസ്താവന നടത്തിയിരുന്നു. പാർട്ടിയിലെ അനൈക്യം പരിഹരിച്ചില്ലെങ്കിൽ വലിയ പ്രതിസന്ധികൾ നേരിടേണ്ടിവരുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകിയിരുന്നു.
സുധാകരന് പുറമെ രമേശ് ചെന്നിത്തല, കെ മുരളീധരൻ തുടങ്ങിയ നേതാക്കളും അതൃപ്തി വ്യക്തമാക്കി. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും തമ്മിലും ആശയവിനിമയം കൃത്യമായി നടത്തുന്നില്ല. രാഷ്‌ട്രീയകാര്യ സമിതിയോ കെ.പി.സിസി.യോഗങ്ങളോ വിളിച്ച് ചേർക്കുന്നില്ല.വയനാട് ഡിസിസി അധ്യക്ഷനെ നിയമിച്ചത് മാധ്യമങ്ങൾ വഴിയാണ് നേതാക്കൾ അറിഞ്ഞത് എന്നും നേതാക്കൾ ആരോപിച്ചു. കേരളത്തിൽ നവംബർ ഒന്നുമുതൽ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം കോൺഗ്രസ് ആരംഭിക്കും.