
മമ്മൂട്ടിയുടെയും സുരേഷ്ഗോപിയുടെയും നോമ്പ്
|സുരേഷ് ഗോപി നോമ്പ് പിടിക്കുന്ന ആളാണെന്നു കേട്ടിട്ടുണ്ട്, അദ്ദേഹത്തെ ഒന്ന് സമീപിച്ചു നോക്കു എന്ന് പറഞ്ഞത് അബ്ദുൽ ഗഫാർ മൗലവിയാണ്. ഞാൻ സുരേഷ് ഗോപിയെ വിളിച്ചപ്പോൾ അദ്ദേഹം ഒരു എതിർപ്പും കൂടാതെ സമ്മതിച്ചു. അങ്ങിനെ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് തന്നെ ഷൂട്ട് ചെയ്തു
കോഴിക്കോട്: ചലച്ചിത്രതാരങ്ങളായ മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും നോമ്പനുഭവങ്ങൾ പങ്കുവെച്ച് നടനും സംവിധായകനുമായ ആദം അയൂബ്. വർഷങ്ങൾക്കുമുമ്പ് അമൃത ടിവിക്ക് വേണ്ടി റമദാൻ മാസത്തിൽ സംപ്രേഷണം ചെയ്യാനായി “റമളാൻ രാവുകൾ” എന്ന മിനി ഡോക്യൂമെൻററി സീരീസ് ചെയ്യുന്ന കാലത്തുണ്ടായ അനുഭവങ്ങളാണ് മീഡിയവൺ ഷെൽഫിൽ വൈഡ് ആംഗിൾ എന്ന പംക്തിയിലൂടെ ആദം അയൂബ് പങ്കുവെച്ചിരിക്കുന്നത്.
ചുമട്ടു തൊഴിലാളികൾ മുതൽ മന്ത്രിമാർ വരെയുള്ളവരുടെ നോമ്പനുഭവങ്ങൾ ഞാൻ ഡോക്യൂമെൻററിയിൽ ഉൾക്കൊള്ളിച്ചു. മതനേതാക്കൾ മുതൽ സിനിമാനടന്മാരെ വരെ ഞാൻ ഇന്റർവ്യൂ നടത്തി. മുസ്ലിംകൾ അല്ലാത്ത പലരും നോമ്പ് അനുഷ്ടിക്കുന്നുണ്ടെന്നു അന്നാണ് എനിക്ക് മനസ്സിലായത്. സിനിമാനടന്മാരിൽ മമ്മൂട്ടി ആയിരുന്നു സ്വാഭാവികമായ ചോയിസ്. ഞാൻ ഇതിനായി മമ്മൂട്ടിയെ വിളിച്ചിരുന്നു. അദ്ദേഹം സമ്മതിക്കുകയും ഷൊർണ്ണൂർ വെച്ച് തന്റെ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നുണ്ടെന്നും അവിടെ വന്നാൽ ബൈറ്റ് എടുക്കാമെന്ന് പറഞ്ഞു, അതിനൊരു ദിവസം നിശ്ചയിക്കുകയും ചെയ്തു. പറഞ്ഞതനുസരിച്ചു ഞാൻ ഷൂട്ടിങ്ങിനു കോഴിക്കോട് പുറപ്പെടുന്നതിനു മുൻപ് അദ്ദേഹത്തെ വിളിച്ചു. അപ്പോൾ അദ്ദേഹം മറ്റൊരു സിനിമയുടെ ഡബ്ബിങ്ങിനായി എറണാകുളത്തേക്കു പോവുകയാണെന്ന് പറഞ്ഞു. രണ്ടു ദിവസത്തിനകം തിരിച്ചെത്തിയിട്ട് , ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞു. ഞാൻ കോഴിക്കോട് പോയി, അവിടത്തെ ഷൂട്ടിംഗ് പൂർത്തിയാക്കി, പറഞ്ഞ ദിവസം ഷൊർണ്ണൂരിലേക്കു പുറപ്പെടുന്നതിനു മുൻപ് അദ്ദേഹത്തെ വീണ്ടും വിളിച്ചു. എന്നാൽ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു :‘നോമ്പ് ഒരാളുടെ വ്യക്തിപരവും മതപരവുമായ കാര്യമല്ലേ. അതിനു പബ്ലിസിറ്റി കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല”.
അവസാന നിമിഷത്തിൽ അദ്ദേഹം കാല് മാറിയതിൽ എനിക്ക് വളരെ വിഷമം തോന്നി. തിരുവനന്തപുരത്തു തിരിച്ചെത്തിയതിനു ശേഷം ഞാൻ ബാക്കി ഭാഗങ്ങൾ കൂടി ചിത്രീകരണ൦ പൂർത്തിയാക്കി. ഇതിനിടെ മത പണ്ഡിതൻ അബ്ദുൽ ഗഫാർ മൗലവിയുടെ ബൈറ്റ് എടുക്കാൻ ചെന്നപ്പോൾ, മമ്മൂട്ടി പിന്മാറിയ കാര്യം അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം പറഞ്ഞു, സുരേഷ് ഗോപി നോമ്പ് പിടിക്കുന്ന ആളാണെന്നു കേട്ടിട്ടുണ്ട്, അദ്ദേഹത്തെ ഒന്ന് സമീപിച്ചു നോക്കു എന്ന് പറഞ്ഞത് അബ്ദുൽ ഗഫാർ മൗലവിയാണ്. ഞാൻ സുരേഷ് ഗോപിയെ വിളിച്ചപ്പോൾ അദ്ദേഹം ഒരു എതിർപ്പും കൂടാതെ സമ്മതിച്ചു. അങ്ങിനെ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് തന്നെ ഷൂട്ട് ചെയ്തു. താൻ വര്ഷങ്ങളായി നോമ്പെടുക്കുന്ന ആളാണെന്നും, വീട്ടിൽ ഭാര്യയുടെ പൂർണ്ണ സഹകരണം ഇക്കാര്യത്തിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. നോമ്പ് പിടിച്ചു കൊണ്ട് ചില സ്റ്റണ്ട് രംഗങ്ങളിൽ അഭിനയിച്ച അനുഭവങ്ങളും അദ്ദേഹം പങ്കു വെച്ചുവെന്നും കുറിപ്പിൽ പറയുന്നു.