< Back
Kerala
mammootty atha chamayam flag off
Kerala

ഈ ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് മഹാബലി: മമ്മൂട്ടി

Web Desk
|
20 Aug 2023 11:19 AM IST

'നിങ്ങളറിയുന്ന മമ്മൂട്ടിയാകും മുന്‍പ് ഞാനീ അത്താഘോഷത്തിനൊക്കെ വായ്നോക്കി നിന്നിട്ടുണ്ട്'

കൊച്ചി: ഈ ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് മഹാബലിയെന്ന് നടന്‍ മമ്മൂട്ടി. മനുഷ്യരെയെല്ലാവരെയും ഒന്നുപോലെ കാണുകയെന്ന സങ്കല്‍പ്പം ലോകത്തെവിടെയും നടന്നതായി നമുക്ക് അറിയില്ല. സൃഷ്ടിയില്‍ പോലും മനുഷ്യരെല്ലാവരും ഒരുപോലെയല്ല. എന്നാലും മനസ്സു കൊണ്ടും സ്നേഹം കൊണ്ടും സൌഹാര്‍ദം കൊണ്ടും നമുക്ക് ഒരേപോലെയുള്ള മനുഷ്യരാകാം. ഒരേ മനസ്സുള്ള മനുഷ്യരാകാം. അത്തം മുതല്‍ 10 ദിവസം എന്നതിനപ്പുറം 365 ദിവസവും ഓണാഘോഷത്തിന്‍റേതാവട്ടെയെന്നും മമ്മൂട്ടി പറഞ്ഞു. അത്തച്ചമയ ഘോഷയാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഞാന്‍ ചെമ്പിലുള്ള ആളാണ്. നിങ്ങളറിയുന്ന മമ്മൂട്ടിയാകും മുന്‍പ് ഞാനീ അത്താഘോഷത്തിനൊക്കെ വായ്നോക്കി നിന്നിട്ടുണ്ട്. അന്നും അത്താഘോഷത്തില്‍ പുതുമയും അത്ഭുതവും തോന്നിയിട്ടുണ്ട്. ഇന്നും അത്ഭുതം വിട്ടുമാറിയിട്ടില്ല. ഏതു സങ്കല്‍പ്പത്തിന്‍റെയും വിശ്വാസത്തിന്‍റെയും പേരിലായാലും അത്തം നമ്മളെ സംബന്ധിച്ച് ഒരു ആഘോഷമാണ്. അത്തച്ചമയമായിരുന്നു പണ്ട് എന്ന് കേട്ടിട്ടുണ്ട്. രാജാക്കന്മാര്‍ സര്‍വാഭരണ വിഭൂഷിതരായി തെരുവീഥികളില്‍ ഘോഷയാത്രയായി വരികയും പ്രജകള്‍ കാത്തുനില്‍ക്കുകയും ചെയ്യുന്ന കാലമായിരുന്നു. രാജഭരണം പോയി. ഇപ്പോള്‍ പ്രജകളാണ് രാജാക്കന്മാര്‍. അതായത് നമ്മളാണ് ഇപ്പോഴത്തെ രാജാക്കന്മാര്‍. സര്‍വാഭരണ വിഭൂഷിതരായി നമ്മളാണ് ആഘോഷിക്കുന്നത്. നമ്മുടെ സന്തോഷത്തിന്‍റെ സൌഹാര്‍ദത്തിന്‍റെ സ്നേഹത്തിന്‍റെ ഒക്കെ ആഘോഷമാണ് അത്തച്ചമയം. ഈ ആഘോഷം ഒരു വലിയ സാഹിത്യ സംഗീത സംസ്കാരിക ആഘോഷമാക്കി മാറ്റാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന അപേക്ഷ ഒരു സാംസ്കാരിക പ്രവര്‍ത്തകനെന്ന നിലയില്‍ എനിക്കുണ്ട്"- മമ്മൂട്ടി പറഞ്ഞു.


Related Tags :
Similar Posts