< Back
Kerala
wild elephant
Kerala

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവ് കൊല്ലപ്പെട്ടു

Web Desk
|
12 Feb 2025 11:04 AM IST

ജില്ലയിൽ രണ്ട് ദിവസത്തിനിടെ മൂന്ന് പേരാണ് കാട്ടാനക്കലിയില്‍ മരിച്ചത്

വയനാട്: വയനാട് അട്ടമലയിൽ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. അട്ടമല സ്വദേശി ബാലകൃഷ്ണനാണ് മരിച്ചത് . ഇന്നലെ രാത്രിയായിരുന്നു ആക്രമണം. ഇന്ന് രാവിലെയാണ് തേയിലതോട്ടത്തിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനരികെ നാട്ടുകാർ പ്രതിഷേധിക്കുകയാണ്. സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ കാട്ടാനയാക്രമണത്തിൽ മരിക്കുന്ന മൂന്നാമത്തെ ആളാണ് ബാലകൃഷ്ണൻ.

ആദിവാസികൾ അല്ലാത്തവർ വനത്തിൽ എത്തുന്നത് എന്തിനെന്ന് പരിശോധിക്കണമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. വന്യജീവി ആക്രമണം വനത്തിനുള്ളിലും പുറത്തും നടന്നതുണ്ട്. കഴിഞ്ഞദിവസം നടന്ന വന്യജീവി ആക്രമണങ്ങൾ എവിടെയാണെന്ന് പരിശോധിക്കണം. വിവാദ പ്രസ്താവന നടത്തിയിട്ടില്ലെന്നും കാട്ടിലേക്ക് കയറുന്നത് എന്തിനാണ് എന്നാണ് താൻ ചോദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

കാട്ടാനയാക്രമണത്തിൽ കഴിഞ്ഞ ദിവസം ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ വയനാട്ടില്‍ ഹര്‍ത്താല്‍ നടന്നുകൊണ്ടിരിക്കുകന്നിതിനിടെയാണ് പുതിയ സംഭവം. ഫാർമേഴ്സ് റിലീഫ് ഫോറവും തൃണമൂൽ കോൺഗ്രസുമാണ് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചത്. വൈകിട്ട് ആറു വരെയാണ് ഹർത്താൽ.

വെള്ളരി കാപ്പാട് സ്വദേശി മാനുവാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. തമിഴ്നാട്ടിൽ നിന്ന് ജോലികഴിഞ്ഞ് തിരികെ വരുമ്പോഴാണ് ആനയുടെ ആക്രമണമുണ്ടായത്. തമിഴ്നാട് -കർണാടക-കേരള അതിർത്തിയായ നൂൽപ്പുഴ പഞ്ചായത്തിലെ കാപ്പാട്ടെ സ്വാകാര്യ വ്യക്തിയുടെ വയലിൽ ഇന്നുരാവിലെയാണ് മാനുവിന്‍റെ മൃതദേഹം കണ്ടത്. മൂന്ന് ഭാഗവും വനത്താൽ ചുറ്റപ്പെട്ട പ്രദേശത്ത് വന്യമൃഗ ശല്യവും രൂക്ഷമാണ്. വനംവകുപ്പ് സ്വയം സന്നദ്ധ പുനരധിവാസം പ്രഖ്യാപിച്ച മേഖലയിൽ നിന്ന് നിരവധി കുടുംബങ്ങൾ നേരത്തെ മാറി താമസിച്ചിരുന്നു. ഡിഎഫ്ഒയും ജില്ലാകലക്ടറും അടക്കമുള്ളവർ എത്തണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധിച്ചു. വന്യമൃഗശല്യം തുടർക്കഥയാവുമ്പോഴും മതിയായ സുരക്ഷ ഒരുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.



Similar Posts