< Back
Kerala
വൃശ്ചിക പുലരിയിൽ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; ഡിസംബർ രണ്ട് വരെയുള്ള വിർച്വൽ ബുക്കിങ് പൂർത്തിയായി
Kerala

വൃശ്ചിക പുലരിയിൽ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; ഡിസംബർ രണ്ട് വരെയുള്ള വിർച്വൽ ബുക്കിങ് പൂർത്തിയായി

Web Desk
|
17 Nov 2025 8:14 AM IST

വിർച്വൽ ബുക്കിങ് വഴി ഒരു ദിവസം 70000 തീർഥാടകർക്കാണ് ദർശനത്തിന് സൗകര്യമൊരുക്കിയിരിക്കുന്നത്.

ശബരിമല: വൃശ്ചിക പുലരിയിൽ ശബരിമലയിൽ വൻ ഭക്തജന തിരക്ക്. വിർച്വൽ ബുക്കിങ് വഴി ഒരു ദിവസം 70000 തീർഥാടകർക്കാണ് ദർശനത്തിന് സൗകര്യമൊരുക്കിയിരിക്കുന്നത്. ഡിസംബർ രണ്ടു വരെയുള്ള ബുക്കിങ് പൂർത്തിയായി. ചെങ്ങന്നൂർ, എരുമേലി, വണ്ടിപ്പെരിയാർ സത്രം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

സ്പോട്ട് ബുക്കിങ് വഴി പ്രതിദിനം 20000 തീർഥാടകരെ പ്രവേശിപ്പിക്കും. ഇന്ന് രാവിലെ 7 മണി മുതൽ സത്രം വഴി തീർഥാടകരെ പ്രവേശിപ്പിച്ചു തുടങ്ങി. എല്ലാ ദിവസവും പുലർച്ചെ മൂന്ന് മണി മുതൽ ഉച്ചക്ക് ഒരു മണി വരെയും വൈകിട്ട് 3 മണി മുതൽ രാത്രി 11 മണി വരെയുമാണ് ദർശന സമയം.

അതേസമയം, ശബരിമല സ്വർണ്ണകൊള്ള കേസിൽ എസ് ഐ ടി സംഘം ഇന്ന് സന്നിധാനത്ത് പരിശോധന നടത്തും. ശ്രീകോവിലിലെ ദ്വാരപാലക പാളി കട്ടിളപ്പാളി എന്നിവയുടെ സാമ്പിൾ ശേഖരിച്ചാണ് ശാസ്ത്രീയ പരിശോധന നടത്തുന്നത്.

അതിനിടെ, ശബരിമല സ്വർണക്കൊള്ള കേസിന്റെ രേഖകൾ ആവശ്യപ്പെട്ടുള്ള എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സി.എസ്. ഡയസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹരജി പരിഗണിക്കുക. കേസിൽ പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ട് എന്നാണ് ഇ ഡി വാദം. കേസിന്റെ എഫ്ഐആർ അടക്കമുള്ള രേഖകൾ വേണമെന്ന ഇ ഡിയുടെ ആവശ്യം നേരത്തെ റാന്നി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഇ ഡി ഹൈക്കോടതിയെ സമീപിച്ചത്. പി എംഎൽഎ നിയമപ്രകാരമുള്ള കേസുകൾ അന്വേഷിക്കാൻ നിയമപരമായി അധികാരമുള്ള ഏക ഏജൻസി ഇഡി ആണെന്നാണ് ഹരജിയിൽ ഇൻഫോസ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം.


Similar Posts